മുണ്ടക്കയത്ത് ടിപിആർ കുറയുന്നില്ല; ആശങ്കയിൽ പഞ്ചായത്തും ആരോഗ്യവകുപ്പും
മുണ്ടക്കയം: നിയന്ത്രണമേർപ്പെടുത്തി രണ്ടുമാസം പിന്നിട്ടിട്ടും മുണ്ടക്കയം പഞ്ചായത്തിൽ ടിപിആർ കുറയുന്നില്ല. ഇതോടെ ആശങ്കയിലാണ് പഞ്ചായത്തും ആരോഗ്യവകുപ്പും.
ജില്ലയിൽ തന്നെ ഏറ്റവും ആദ്യം നിയന്ത്രണമേർപ്പെടുത്തിയ പഞ്ചായത്തുകളിൽ ഒന്നാണ് മുണ്ടക്കയം. ഏപ്രിൽ 26ന് മുണ്ടക്കയം ടൗണിൽ ഭാഗികമായ ലോക്ക് വീണു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഒരു ദിവസം മാത്രമാണ് ടിപിആർ എട്ട് ശതമാനത്തിൽ താഴെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഞ്ചായത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ടിപിആർ കണക്ക് ഉയരുകയായിരുന്നു. പോലീസിന്റെയും ആരോഗ്യ, പഞ്ചായത്ത് വകുപ്പുകളുടെയും നേതൃത്വത്തിൽ ബോധവത്ക്കരണവും വാഹന നിയന്ത്രണവും നടത്തുന്നുണ്ടെങ്കിലും കോവിഡ് രോഗികളുടെ എണ്ണം കുറയാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുമ്പോൾ മുണ്ടക്കയം ടൗണിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പോലീസ് വാഹന പരിശോധന കർശനമായി നടത്തുന്നുണ്ടെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവരെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കോളനി പ്രദേശങ്ങളും എസ്റ്റേറ്റ് മേഖലയും ഉൾപ്പെടുന്ന പ്രദേശം ആയതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾക്കും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്.
സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്നും ആരോഗ്യ വകുപ്പുമായി സഹകരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു.