കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ നോക്കുകുത്തിയായിട്ട് അഞ്ചുവർഷം
മുണ്ടക്കയം: നിർമാണം പൂർത്തീകരിച്ച പുത്തൻചന്ത കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ നോക്കുകുത്തിയായിട്ട് അഞ്ചുവർഷം. 69 ലക്ഷം രൂപ വിനിയോഗിച്ചാണ് 2015ൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഗാരേജ്, പ്ലാറ്റ്ഫോം എന്നിവ നിർമിച്ചത്.
കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഡിപ്പോയിലെ പുതിയ തസ്തികകളടക്കമുള്ള ഭൗതികസാഹചര്യങ്ങൾ ക്രമീകരിക്കാൻ ഭാരിച്ച തുക മുതൽ മുടക്കേണ്ടതുണ്ട്. അതാണ് കാലതാമസം വരുത്തുന്നത്. അതുകൊണ്ടുതന്നെ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത ഏറെയും. പഞ്ചായത്തുവക സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ഇത് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കോർപ്പറേഷന് കത്ത് നൽകിയിരിക്കുകയാണ്. അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു.
കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകിയാൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യുതിവകുപ്പ്, ജല അഥോറിറ്റി ഉൾപ്പെടെയുള്ള മറ്റ് ഓഫീസുകൾ ഇവിടേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാകും. കൂടാതെ പകൽവീട് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഇവിടെ ആവിഷ്കരിക്കുവാനും സാധിക്കും. സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ളവ ഇവിടെ വന്നാൽ പുത്തൻ ചന്തയുടെ വികസനത്തിനും വഴിയൊരുക്കും. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.