ബസ് സർവീസുകളില്ല; ഗ്രാമീണ യാത്ര ദുരിതത്തിൽ
കാഞ്ഞിരപ്പള്ളി: ലോക് ഡൗണിന് ശേഷം പൊതുഗതാഗതം ആരംഭിച്ചെങ്കിലും ഗ്രാമപ്രദേശങ്ങളിലേക്ക് ബസ് സർവീസുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇത്തരം സ്ഥലങ്ങളിലേക്ക് കൂടുതലും സർവീസ് നടത്തിയിരുന്നത് സ്വകാര്യ ബസുകളായിരുന്നു. എന്നാൽ, രജിസ്ട്രേഷന് നമ്പര്‍ അവസാനിക്കുന്നത് ഒറ്റയക്കത്തിലോ ഇരട്ടയക്കത്തിലോ എന്നതനുസരിച്ച് ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തേണ്ടതെന്നാണ് ഗതാഗത വകുപ്പിന്റെ പുതിയ നിര്‍ദേശം. ഇതോടെ പലരും സർവീസുകൾ നടത്തുന്നില്ല.
മണിമല, എരുമേലി, ഈരാറ്റുപേട്ട തുടങ്ങി സമീപ നഗരങ്ങളിലേക്കുള്ള സ്വകാര്യ ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇടക്കുന്നം, ചേനപ്പാടി, തമ്പലക്കാട്, വട്ടക്കാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചുരുക്കം സർവീസുകളാണുള്ളത്.
സർക്കാർ – സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുൾപ്പെടെ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പലർക്കും ഈ ചെലവ് താങ്ങാനാകുന്നില്ല. കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും പലപ്പോഴും സമയം പാലിക്കുന്നില്ലാത്തതിനാൽ ആരോഗ്യമേഖലയിലുള്ളവർക്ക് ഇത് പ്രയോജനകരമാകുന്നില്ല.
എന്നാൽ, കോവിഡും ഇന്ധനവില വര്‍ധനവുമെല്ലാം ഭീമമായ നഷ്ടമാണ് സ്വകാര്യ ബസ് സർവീസ് മേഖലയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ നിർദേശം അനുസരിച്ച് സര്‍വീസ് നടത്തുന്പോൾ വന്‍ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ബസുടമകള്‍ പറഞ്ഞു.