റേഷൻ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാകാൻ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും അപേക്ഷ നൽകിയത് 452 പേർ
കാഞ്ഞിരപ്പള്ളി : : അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് ഉപയോഗിക്കുന്നവർക്ക് പൊതു വിഭാഗത്തിലേക്കു മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കോട്ടയം ജില്ലയിൽ ഇന്നലെ 603 പേർകൂടി മാറ്റത്തിന് അപേക്ഷ നൽകി. ഇതോടെ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാകുന്നതിനായി ജില്ലയിൽ ലഭിച്ച ആകെ അപേക്ഷകളുടെ എണ്ണം 1922 ആയി.
ഇതിൽ 1108 കാർഡുകൾ പിഎച്ച്എച്ച് വിഭാഗത്തിലുള്ളതാണ്. എൻപിഎസ് വിഭാഗത്തിലെ 563 കാർഡുകളും എഎവൈ വിഭാഗത്തിലെ 251 കാർഡുകളുമുണ്ട്.
കോട്ടയം-576 എണ്ണം. ചങ്ങനാശേരി-295, കാഞ്ഞിരപ്പള്ളി-452, മീനച്ചിൽ-312, വൈക്കം-287 എന്നിങ്ങനെയാണു വിവിധ താലൂക്കുകളിൽനിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം.
അതേസമയം റേഷൻ കാർഡ് ലഭിച്ചപ്പോൾ പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബത്തിന് വരുമാനം വർധിച്ചതോടെ കാർഡ് മാറ്റേണ്ടതായി വരുന്നുണ്ട്. ഇവർക്ക് സാവകാശം നൽകണമെന്നാണ് ആവശ്യം. റേഷൻ കാർഡ് പുതുക്കുന്നതുവരെ അവസരം നൽകണമെന്ന ആവശ്യവും ശക്തമാണ്. കാർഡിന് അപേക്ഷിച്ചപ്പോൾ സാന്പത്തിക പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബങ്ങളെ നിയമത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കാർഡ് ഉടമകൾ പറയുന്നു.