രോഗങ്ങളുള്ള ആടുമാടുകളുടെ വിൽപ്പന വ്യാപകമാകുന്നു വളർത്തുമൃഗങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്പോയും അന്യസംസ്ഥാനങ്ങളിൽനിന്നു മാരക രോഗങ്ങളുള്ള കന്നുകാലികളെയും ആടുകളെയും ജില്ലയിൽ എത്തിച്ചു വിൽപ്പന നടത്തുന്നത് വ്യാപകമാകുന്നു.ക്ഷീരകർഷകർക്കുള്ള എംഎസ്ഡിപി പദ്ധതി, ആടു കർഷകർക്കുള്ള ഗോട്ട് സാറ്റ് ലൈറ്റ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചതോടെയാണ് ഇത്തരം വ്യാപാരം ശക്തമായിരിക്കുന്നത്. എംഎസ്ഡിപി പദ്ധതി വഴി ആനുകൂല്യം ലഭിക്കണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പശുക്കളെ വാങ്ങിയാൽ മാത്രമേ ലഭിക്കുകയുള്ളു.ഇതിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത പശുക്കളെ കൊണ്ടുവന്നു പദ്ധതി തുക തട്ടിയെടുക്കുന്ന ഒരു ലോബിതന്നെ ജില്ലയിൽ പ്രവർത്തിക്കുന്നത് വ്യാപകമാണ്. ഗോട്ട് സാറ്റ് ലൈറ്റ് പദ്ധതി വഴി അഞ്ച് പെണ്ണാടിനെ വാങ്ങുന്നതിന് 25000 രൂപ സർക്കാരിൽനിന്നു ലഭിക്കും. ഇതിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽനിന്നു മാരക രോഗങ്ങളുള്ളതും പ്രായമായതുമായ ആടുകളെ കൊണ്ടുവന്ന് ഈ പദ്ധതി തുക തട്ടിയെടുക്കുന്നതും വ്യാപകമാണ്. ഏറ്റുമാനൂർ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ആടുകച്ചവടം നടക്കുന്നതെന്ന് കർഷക കോണ്ഗ്രസ് ജില്ലാ ജനറൽ സെകട്ടറി എബി ഐപ്പ് ആരോപിച്ചു. ഇതുമൂലം പിപിആർ വൈറസ്, ഗോട്ട് ഫോക്സ് തുടങ്ങിയ രോഗങ്ങൾ ആടുകളിൽ വ്യാപകമാകുകയും ആടുകർഷകർക്കു വില ലഭിക്കാത്ത സാഹചര്യവും ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചെക്കു പോസ്റ്റുകളിൽ പശിശോധന കർശനമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.