കൂട്ടിക്കൽ ഗ്രാമത്തെ കണ്ണീരിലാക്കി ഷംന വിടചൊല്ലി
മുണ്ടക്കയം: ഞായറാഴ്ച പുലര്‍ച്ചെ മാതാവ് കൊലപ്പെടുത്തിയ ഷംനയുടെ മൃതദേഹം കബറടക്കി. കൂട്ടിക്കല്‍ കണ്ടത്തില്‍ (കൊപ്ലിയില്‍) ഷെമീറിന്റെ മകള്‍ ഷംന(12)യുടെ കബറടക്കമാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂട്ടിക്കല്‍ ജുമാമസ്ജിദില്‍ കബറടക്കിയത്. മകളുടെ മരണവിവരമറിഞ്ഞ് ഷമീർ ഇന്നലെ പുലര്‍ച്ചെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആംബുലൻസിൽ കൊണ്ടുവന്ന പൊന്നു മകളെ കണ്ട് നിശബ്ദനായി കരഞ്ഞ ഷെമീറിനെ എങ്ങനെ സാന്ത്വനപ്പെടുത്തണമെന്നറിയാതെ സുഹൃത്തുക്കള്‍ വിഷമിച്ചു. പളളി മുറ്റത്ത് വച്ചു പിതാവിനായി മൃതദേഹത്തിന്റെ മുഖത്തെ തുണി മാറ്റിയതോടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു ഷെമീര്‍ പൊട്ടിക്കരഞ്ഞു. സുഹൃത്തുക്കളും ബന്ധുമിത്രാദികളും ചേർന്ന് ഷമീറിനെ ആശ്വസിപ്പിക്കുന്ന കാഴ്ച ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.