അഞ്ചിലിപ്പ വാർഡിൽ കുടിവെള്ളവിതരണ പദ്ധതി ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡിൽ 184 വീടുകളിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം നടത്തി. ആദ്യഘട്ടത്തിൽ മാളിയേക്കൽ ഭാഗത്ത് 33 വീടുകളിൽ കുടിവെള്ളമെത്തിച്ചു. വർഷങ്ങളായി കുടിവെള്ളമില്ലാതിരുന്ന പ്രദേശത്ത് ജലജീവൻ പദ്ധതിയിലൂടെ കരിമ്പുകയം പദ്ധതിയിൽനിന്നാണ് വെള്ളമെത്തിച്ചത്. മുൻപ് പഞ്ചായത്തിന്റെ പദ്ധതിയുണ്ടായിരുന്നെങ്കിലും മോട്ടോറിന് കോടുപാടുകൾ സംഭവിച്ചതോടെ പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. വാർഡിലെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധജല സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ നടന്ന് വരുകയാണെന്ന് വാർഡംഗം റിജോ വാളാന്തറ പറഞ്ഞു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. ജലജീവൻ പദ്ധതിയിലൂടെ 67 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നിയോജക മണ്ഡലത്തിൽ നടത്തുന്നതെന്ന് എം.എൽ.എ. അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വാർഡംഗം റിജോ വാളാന്തറ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, പഞ്ചായത്തംഗം വി.പി. രാജൻ, കുടിവെള്ള വിതരണ കൺവീനർ ഷെമീർ ഷാ അഞ്ചിലിപ്പ, ജോസി എബ്രഹാം കത്തലാങ്കൽ, വാട്ടർ അതോറിറ്റി എ.എക്‌സ്.ഇ. ജിബോയ് തുടങ്ങിയവർ പ്രസംഗിച്ചു.