റോഡ് പൊളിച്ചത് കുടിവെള്ളക്കുഴലിടാൻ; നന്നാക്കിയത് നാട്ടുകാർ
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ നരിയനാനി-തൊമ്മനാമറ്റം റോഡാണ് പൈപ്പിടാൻ 16 ഇടത്ത് റോഡിന് കുറുകെ വെട്ടിപ്പൊളിച്ചത്. അതിനുശേഷം കരാറുകാർ മണ്ണിട്ടുമൂടി പണിതീർത്തുമടങ്ങി. ആറുമാസം മുമ്പായിരുന്നു ഇത്. മഴ പെയ്തതോടെ കുഴിയെടുത്തിടത്തെല്ലാം മണ്ണൊഴുകിപ്പോയി. കൂടുതലായി ടാറിങ് പൊളിഞ്ഞു. റോഡ് നന്നാക്കാൻ കരാറുകാരന് ഉത്തരവാദിത്വമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ പദ്ധതിയുടെ ഗുണഭോക്താക്കളായവർ നന്നാക്കണമെന്ന നിലപാടായിരുന്നു പണി നടത്തിയവർക്ക്. തർക്കം തുടർന്നാൽ റോഡ് കൂടുതൽ നശിക്കുമെന്നതിനാൽ പ്രദേശവാസികൾ റോഡ് നന്നാക്കി. പൈപ്പിടാൻ വെട്ടിപ്പൊളിച്ചിടം കൂടാതെ റോഡിലുള്ള മറ്റുകുഴികളും കോൺക്രീറ്റ് ഉപയോഗിച്ച് ഇവർ അടച്ചു. തൊമ്മനാമറ്റം വികസനസമിതി പ്രവർത്തകർ ചേർന്ന് പണമുണ്ടാക്കി സാധനങ്ങൾ വാങ്ങി ഒരു കിലോമീറ്ററോളം ഭാഗമാണ് സ്വയം പണിത് നന്നാക്കിയത്. ജോണി തൊമ്മിത്താഴെ, ജോണി പൊടിമറ്റം, ജോൺ തേക്കുംതോട്ടം, ബേബിച്ചൻ കളപ്പുര, സെബിൻ മുട്ടത്തൂനയിൽ, ഫിലിപ്പ് തേക്കുംതോട്ടം, ഫ്രാൻസിസ് പൂവേലിക്കുന്നേൽ, ഷാജി പുല്ലുമറ്റം, പ്രകാശ് തേനക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.