ചിറക്കടവിൽ നാളുകളായി ചർച്ചാവിഷയം. അത് കുറുക്കനോ കുറുനരിയോ ?

പൊൻകുന്നം: രാത്രിമുഴുവൻ ഓരിയിടൽ, രാത്രി യാത്രക്കാർക്ക് മുമ്പിൽ അപ്രതീക്ഷിതമായിപ്പെടുന്ന കുറുക്കന്മാർ. ചിറക്കടവിൽ നാളുകളായി കുറുക്കൻ ചർച്ചാവിഷയം. അതിനിടെയാണ് കുറുക്കന്മാരിൽനിന്ന് രക്ഷപ്പെട്ട് ഓടിയപ്പോൾ വിദ്യാർഥിക്ക് വീണ് പരിക്കേറ്റ സംഭവം. അതോടെ ചർച്ച ഒന്നുകൂടി കൊഴുത്തു. 

ഇതിനിടെ ഇപ്പോഴും ആർക്കും ശല്യംചെയ്യാതെ ചിറക്കടവ് അമ്പലം പരിസരത്ത് പകലും ചുറ്റിത്തിരിയുന്ന ഒറ്റയാൻ കുറുക്കനും. നാട്ടുകാർ കൺഫ്യൂഷനിലാണ് അത് നായയോ, കുറുക്കനോ. കുറുനരിയെന്ന് ചിലർ. അപ്പോഴാണ് കുറുക്കനും കുറുനരിയും വെവ്വേറെയോ എന്ന സംശയം ചിലർക്കുണ്ടായത്. ഈ തർക്കങ്ങളിലേക്ക് ഒരന്വേഷണം. 

2013-ൽ പെരിയാർ റിസർവ് വനത്തിൽ ഒരുസംഘം ഗവേഷകരാണ് കുറുക്കനെ അവസാനമായി കണ്ടെത്തിയതെന്നാണ് വന്യജീവികളെയും പക്ഷികളെയും കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രസാഹിത്യകാരൻ വിജയകുമാർ ബ്ലാത്തൂരിന്റെ അഭിപ്രായം. ചിറക്കടവിൽ വീടുകളിലും റോഡിലും ചുറ്റിത്തിരിയുന്നത് കുട്ടിക്കുറുക്കനെന്നാണ് ഡോ.പി.എസ്. ഈസയുടെ അഭിപ്രായം.

അയച്ചുകൊടുത്ത വീഡിയോയും ഫോട്ടോകളും പരിശോധിച്ചാണ് അദ്ദേഹം മറുപടി നൽകിയതെന്ന് ചിത്രം പകർത്തിയ ചിറക്കടവ് പുന്നശേരിയില്ലം മനോജ് പറഞ്ഞു.ഗവേഷണം അന്തിമഘട്ടത്തിൽ 

ജന്തുശാസ്ത്ര ഗവേഷകൻ ഡോ.പി.എസ്. ഈസയുടെ നേതൃത്വത്തിൽ ആരണ്യകം നേച്ചർ ഫൗണ്ടേഷൻ കേരളത്തിലെ കുറുക്കന്മാരെക്കുറിച്ച് നടത്തിയ സർവേ അന്തിമഘട്ടത്തിൽ. കേരളത്തിലെമ്പാടുനിന്നും വിവരങ്ങൾ ഓൺലൈനിൽ ശേഖരിച്ചാണ് പൂർത്തിയാക്കുന്നത്. കുറുക്കൻ, കുറുനരി, ഊളൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഒരേ ഇനമാണെന്ന പക്ഷക്കാരനാണിദ്ദേഹം. പ്രാദേശികമായി വിവിധരീതിയിൽ അറിയപ്പെടുന്നു. കുറുക്കന്മാർ നാട്ടിൽനിന്ന് അപ്രത്യക്ഷമാകുന്നതുമൂലം പ്രകൃതിയിൽ എന്തെങ്കിലും വ്യതിചലനമുണ്ടോ തുടങ്ങി ഗൗരവതരമായ പഠനമാണ് പീച്ചി വനഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഇൻചാർജു കൂടിയായ പി.എസ്.ഈസ നടത്തുന്നത്.

error: Content is protected !!