ലത്തീഷ ഉപയോഗിച്ചിരുന്ന ജീവൻരക്ഷാ ഉപകരണങ്ങൾ അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി.
എരുമേലി: അസ്ഥി നുറുങ്ങുന്ന രോഗവുമായി ജനിച്ച് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച് അതിജീവനത്തിന്റെ പ്രതീകമാവുകയായിരുന്നു ലത്തീഷ (27). പ്രതിസന്ധികളെ ചിരിയോടെ നേരിടുന്നതിനിടയിൽ അകാലത്തിൽ മറഞ്ഞ ലത്തീഷയുടെ ഓർമകൾ ഇനി ‘അഭയത്തിലും’ നിറയുന്നു. ജീവൻ നിലനിർത്താൻ ലത്തീഷ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ അച്ഛൻ അൻസാരി അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി.
അച്ഛന്റെ കരുതലിൽ വളർന്ന മകളായിരുന്നു ലത്തീഷ. മകളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ അച്ഛനൊപ്പം അമ്മ ജമീലയും. അച്ഛന്റെ ഒക്കത്തേറിയുള്ള സ്‌കൂൾയാത്ര. അങ്ങനെ വിദ്യാഭ്യാസം ബിരുദവും സിവിൽ സർവീസ് പരീക്ഷ വരെയുമെത്തി. ജീവിതലക്ഷ്യം സഫലമാക്കാനാവാതെ കഴിഞ്ഞ മാസം 16-ന് ലത്തീഷ ജീവിതത്തിൽനിന്നു വിട ചൊല്ലി.
ജന്മനായുള്ള രോഗത്തിനൊപ്പം ഏതാനും വർഷങ്ങളായി പൾമണറി ഹൈപ്പർ ടെൻഷൻ രോഗബാധിതയുമായിരുന്നു. ഇതേത്തുടർന്ന് ശ്വസനസഹായ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 27 വയസ്സായെങ്കിലും കാഴ്ചയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. വിധിയെ പഴിക്കാതെ പഠനവും ചിത്രകലയും ഓർഗൺവാദനവുമായി ചിരിയോടെ ജീവിതത്തെ നേരിട്ടു. നിരവധി പുരസ്കാരങ്ങൾ നേടാനും സമൂഹത്തിലെ ഒട്ടനവധി ഉന്നതരെ നേരിൽ കാണാനും ഭാഗ്യമുണ്ടായി. തന്റെ സന്തോഷം യുട്യൂബിൽ പങ്കുവെച്ച് സമാന രോഗമുള്ളവർക്ക് അതിജീവനത്തിന്റെ ആത്മവിശ്വാസം പകർന്നു. ഒടുവിൽ ഏവർക്കും നൊമ്പരമായി നിത്യതയിലേക്ക് മറഞ്ഞു.
‘ലത്തീഷയുടെ അവസ്ഥയിലുള്ള ഒട്ടേറെ കുട്ടികളുണ്ട്. അവർക്ക് ആത്മവിശ്വാസം നൽകണം, സഹായിക്കണം. അതായിരുന്നു ലത്തീഷയുടെ ആഗ്രഹം.’ മകളുടെ ആഗ്രഹം നടപ്പിലാക്കുകയായിരുന്നു അച്ഛൻ അൻസാരി. മകൾ ഉപയോഗിച്ചിരുന്ന രണ്ട് ഓക്‌സിജൻ കോൺസൻട്രേറ്റർ, രണ്ട് നെബുലൈസർ, ബേയ് പാപ്പ്, ഓക്‌സിജൻ അളവ് പരിശോധനായന്ത്രം തുടങ്ങിയവയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറിയത്.
എരുമേലി റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി.എസ്.കൃഷ്ണകുമാർ, വി.പി.ഇസ്മായിൽ, വി.പി. ഇബ്രാഹീം, പി.ആർ. സാബു, പി.കെ.ബാബു, വി.ഐ.അജി, ടി.പി. തൊമ്മി തുടങ്ങിയവർ പങ്കെടുത്തു.