ബൈപാസിൽ നിർമിക്കുന്ന വെയ്റ്റിംഗ് ഷെഡിനെതിരേ പ്രതിഷേധം
മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസിൽ പഞ്ചായത്ത് നിർമിക്കുന്ന വെയ്റ്റിംഗ് ഷെഡിനെതിരേ പ്രതിഷേധവുമായി സെന്റ് മേരീസ് ഇടവക കമ്മിറ്റി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് രണ്ട് വെയ്റ്റിംഗ് ഷെഡുകളാണ് നിർമിക്കുന്നത്. ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിപ്രകാരം കോഫി ഷോപ്പും ടോയ്ലറ്റ് സൗകര്യവും കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യത്തോടു കൂടിയ ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രമാണ് നിർമിക്കുന്നത്. പഞ്ചായത്ത് മാർക്കറ്റിനോടു ചേർന്നുള്ള വിശ്രമകേന്ദ്രത്തിന് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
ബൈപ്പാസ് റോഡിൽ നിർമിക്കുന്ന വിശ്രമകേന്ദ്രത്തിനെതിരേയാണ് മുണ്ടക്കയം സെന്റ് മേരീസ് ഇടവക കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പള്ളിയുടെ മുൻഭാഗത്തായി ടോയ്ലറ്റോടു കൂടിയ വെയ്റ്റിംഗ് ഷെഡ് വരുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. തൊട്ടടുത്തായി രണ്ട് വെയ്റ്റിംഗ് ഷെഡുകൾ വരുന്നതുകൊണ്ട് ഇതിന്റെ പ്രയോജനം യാത്രക്കാർക്കു ലഭിക്കില്ലെന്നുമാണ് വാദം. തുടർന്ന് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി പള്ളി കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി.
താത്കാലികമായി നിർമാണജോലികൾ നിർത്തി പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അധികാരികൾ പള്ളി കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പുനൽകി.