ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല; വീണ്ടും പൂട്ടുവീണ് മുണ്ടക്കയം പട്ടണം
മുണ്ടക്കയം: നിയന്ത്രണങ്ങൾ കൂട്ടിയും കുറച്ചും പരീക്ഷിച്ചിട്ടും മുണ്ടക്കയം പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റീവ് നിരക്കു കുറയാത്തത് ആശങ്ക വർധിപ്പിക്കുകയാണ്.
രണ്ടാം കോവിഡ് തരംഗത്തിന്റെ ഭാഗമായി ഏപ്രിൽ മുതൽ തുടങ്ങിയതാണ് മുണ്ടക്കയം ടൗണിലെ നിയന്ത്രണങ്ങൾ. പിന്നീട് സമ്പൂർണ ലോക്ക് ഡൗണും ഭാഗിക നിയന്ത്രണങ്ങളുമെല്ലാം ഏർപ്പെടുത്തിയെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാര്യമായി കുറയാത്തതാണ് പഞ്ചായത്തിൽ വീണ്ടും നിയന്ത്രണങ്ങൾ വർധിക്കാൻ ഇടയാക്കിയിരിക്കുന്നത്. ഒരു വേളയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിന് താഴെവരെ താഴ്ന്നത് നേരിയ ആശ്വാസം നൽകിയെങ്കിലും പിന്നീട് പടിപടിയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന കാഴ്ചയാണ് പഞ്ചായത്തിൽ കാണാൻ സാധിച്ചത്. നിലവിൽ 13 നടുത്താണ് മുണ്ടക്കയം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കാറ്റഗറി സിയിൽപ്പെട്ടതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാദിവസവും തുറക്കാനും വെള്ളിയാഴ്ച മാത്രം ജൂവല്ലറിയും, ടെക്സ്റ്റൈൽസ്, ചെരുപ്പ് കടയുമടക്കമുള്ളവ തുറന്നു പ്രവർത്തിക്കാനുമാണ് നിലവിൽ അനുമതിയുള്ളത്. നിയന്ത്രണങ്ങൾ ഒരുപാടുണ്ടെങ്കിലും മുണ്ടക്കയം പട്ടണത്തിലെ തിരക്ക് ഒഴിയാത്തതാണ് കോവിഡ് അനിയന്ത്രിതമായി പടരാൻ കാരണമെന്നും വിമർശനം ഉയരുന്നുണ്ട്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ടെസ്റ്റും മുന്നറിയിപ്പുകളുമെല്ലാം കൃത്യമായി നടക്കുന്നുണ്ടെങ്കിലും ഇതിനോട് സഹകരിക്കാൻ പൊതുജനം തയാറാകാത്തതും കോവിഡ് വർധിക്കാൻ ഇടയാക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതോടെ പഞ്ചായത്തിന്റെ പരിധിയിൽവരുന്ന വിവിധ പ്രദേശങ്ങളിൽ വലിയതോതിലുള്ള രോഗനിർണയ ക്യാമ്പാണ് ഇപ്പോൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ പരിശോധനാഫലം കൂടി വരുന്നതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15നും മുകളിലേക്ക് ഉയരാനാണ് സാധ്യത. അങ്ങനെ വന്നാൽ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നീങ്ങുവാനും ഇടയാക്കും.
എസ്റ്റേറ്റും കോളനി പ്രദേശങ്ങളും ഒരുപാടുള്ള പഞ്ചായത്തായതുകൊണ്ടുതന്നെ ജനങ്ങളെ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിക്കുകയെന്നതും അപ്രായോഗികമാണ്. മാസങ്ങളായി തുടരുന്ന നിയന്ത്രണം വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെറുകിട കച്ചവടക്കാരും ഈ സ്ഥാപനങ്ങളിലെയെല്ലാം ജീവനക്കാരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. നിയന്ത്രണങ്ങൾ ഇനിയും വർധിച്ചാൽ ഇവരുടെ ജീവിതത്തെ ഇതു സാരമായിത്തന്നെ ബാധിക്കും.