ആശുപത്രിയിൽ പോകാതെ ഒപി ചികിത്സ; ഇ-സഞ്ജീവനി സേവനം എല്ലാ ദിവസവും
ആശുപത്രിയിൽ പോകാതെ ഓണ്‍ലൈനിൽ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഇ-സഞ്ജീവനി സേവനങ്ങൾ എല്ലാ ദിവസവും ജില്ലയിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്. കോവിഡ് ഒപി, ജനറൽ ഒപി, സ്പെഷലിസ്റ്റ് ഒപി എന്നീ മൂന്നു വിഭാഗങ്ങളിലാണു ചികിത്സ ലഭിക്കുക. കോവിഡ് ബാധിച്ചും ക്വാറന്റൈനിലും വീടുകളിൽ കഴിയുന്നവരെ ഉദ്ദേശിച്ച് ദേശീയതലത്തിൽ തുടങ്ങിയ സംവിധാനം മറ്റു വിദഗ്ധ ചികിത്സകൾ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് eSanjeevani OPD ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തും www.esanjeevaniopd.in എന്ന പോർട്ടൽ മുഖേനയും ചികിത്സ തേടാം.
വ്യക്തിഗത വിവരങ്ങളും മുൻ ചികിത്സാ റിപ്പോർട്ടുകളും പരിശോധനാ ഫലങ്ങളും നൽകി രജിസ്റ്റർ ചെയ്യുന്പോൾ ടോക്കണ്‍ നന്പർ ലഭിക്കും. തുടർന്ന് ടോക്കണ്‍ നന്പർ നൽകി ലോഗിൻ ചെയ്യുന്പോൾ അപ്പോയ്മെന്റ് ലഭിക്കും. ഏതു സമയത്ത് ഡോക്ടർ വീഡിയോ കോളിൽ എത്തും എന്ന് അറിയിക്കും. നിശ്ചിത സമയത്ത് ഡോക്ടർ രോഗിയുമായി സംസാരിച്ചു ചികിത്സ നിർദേശിക്കും.
കുറിപ്പ് മൊബൈലിൽ പിഡിഎഫ് ഫയലായി അയച്ചുതരികയും ചെയ്യും. കോവിഡ് രോഗികൾക്കുള്ള ഒപി എല്ലാ ദിവസവും 24 മണിക്കൂറുമുണ്ട്. ജനറൽ ഒപിയും ശിശുരോഗ വിഭാഗവും എല്ലാ ദിസവവും രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയുണ്ട്.
സർജറി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പാലിയേറ്റീവ് കെയർ, മാനസിക രോഗ ചികിത്സ, ദന്ത ചികിത്സ, ശ്വാസകോശ രോഗ ചികിത്സ തുടങ്ങിയവ എല്ലാദിവസവും രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയാണ്. അസ്ഥിരോഗ വിഭാഗം തിങ്കൾ, വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഹൃദ്രോഗ വിഭാഗം ഞായറാഴ്ച രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞു ഒന്നുവരെയുമാണു പ്രവർത്തിക്കുക.