കരിങ്കല്ലുമുഴി കയറ്റത്ത് ബദൽ റോഡിനു നിർദേശം
എരുമേലി: എരുമേലി ശബരിപാതയിലെ കരിങ്കല്ലുമുഴി ജംഗ്ഷനിലെ കയറ്റവും വളവും ഒഴിവാക്കി ബദൽ റോഡ് നിർമിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കും മരാമത്ത് ഉദ്യോഗസ്ഥർക്കുമൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
ബദൽ റോഡ് നിർമിക്കാനുള്ള പദ്ധതി തയാറാക്കാൻ സന്ദർശനത്തിന് ശേഷം എംഎൽഎ നിർദേശം നൽകി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കരിങ്കല്ലുമുഴിയിലെ കയറ്റം ഉൾപ്പെടുന്ന അപകട സാധ്യത കൂടിയ ഭാഗം സന്ദർശിച്ച് വിലയിരുത്തിയത്. വാഹനങ്ങൾക്ക് ദുഷ്കരമായ ചെങ്കുത്തായ കയറ്റവും ദുർഘടമായ വളവുമാണ് അപകടസാധ്യത സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കയറ്റം കുറയ്ക്കാനുള്ള പണികൾ ഈ ഭാഗത്തെ റോഡിൽ നടത്താൻ സ്ഥലപരിമിതികൾ മൂലം സാധ്യമല്ലെന്നും സുരക്ഷിതമായ മറ്റൊരു റോഡ് ഇത്രയും ഭാഗത്തിന് പകരമായി നിർമിക്കുകയാണ് ശരിയായ പരിഹാരമാർഗമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സ്ഥലമൊരുക്കുന്നതിനും സാധ്യത പഠനം നടത്തി രൂപരേഖ തയാറാക്കുന്നതിനും സമിതിയെ നിയോഗിക്കുമെന്നും അടുത്ത ബജറ്റിൽ പദ്ധതി ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിശദമാക്കി.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ബിനോയി ഇലവുങ്കൽ, സിനി മെറിൻ ഏബ്രഹാം, പി.ഡി. പ്രെസി, ജസ്ന നജീബ്, വി.ഐ. അജി, നാസർ പനച്ചി, സുനിൽ മണ്ണിൽ, കെ.സി. ജോർജുകുട്ടി, പി.കെ. ബാബു, പി.ജെ. സെബാസ്റ്റ്യൻ, സുശീൽകുമാർ പുതുപ്പറമ്പിൽ തുടങ്ങിയവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.