നാട്ടുചന്തകൾ കർഷകന്റെ ഒത്തൊരുമയുടെ പ്രതീകം: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് :
എലിക്കുളം: കര്‍ഷകരുടെ ഐക്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകങ്ങളാണു നാട്ടുചന്തകളെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. എലിക്കുളം നാട്ടുചന്തയുടെ രണ്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികോത്പാദനത്തിനുപരി വിപണി സൗകര്യമൊരുക്കലിനാണ് പ്രഥമപരിഗണന വേണ്ടത്. സർക്കാർ ഇക്കാര്യത്തിൽ തയാറാക്കിയിട്ടുള്ള പദ്ധതികൾ ഏറ്റെടുക്കാൻ കർഷക കൂട്ടായ്മകൾ ധൈര്യപൂർവം മുന്നോട്ടു വരണം. 105 ആഴ്ചകൾ യാതൊരു മുടക്കവുമില്ലാതെ തുടർന്ന തളിർ നാട്ടുചന്തയുടെ പ്രവർത്തകർക്ക് ഇത്തരം ഉയർന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാകണ മെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജന്, ജോസ്മോന് മുണ്ടക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി വിത്സന്, ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. എം.കെ. രാധാകൃഷ്ണന്, പഞ്ചായത്ത് മെംബർ മാത്യൂസ് പെരുമനങ്ങാട്ട്, കൃഷി ഓഫീസര്‍ നിസ ലത്തീഫ്, എ.ജെ. അലക്സ് റോയ്, എം.പി. സുമംഗലാദേവി, സെബാസ്റ്റ്യൻ പാറയ്ക്കൽ തുടങ്ങിയവര്‍ പങ്കെടുത്തു.
കാർഷികവിഭവങ്ങൾ നൽകിയവരെയും കൂടുതൽ ഉത്പന്നങ്ങൾ വാങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.