കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസിന് കെസിബിസിയുടെ ആദരം
കാഞ്ഞിരപ്പള്ളി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തിയ ദളിത് കാത്തലിക് മഹാജനസഭ രൂപതാഘടകങ്ങളില് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസിനെ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ദളിത് വിഭാഗ ക്ഷേമത്തിനായുള്ള കമ്മീഷന് ആദരിച്ചു.
നാടിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അനേകര്ക്കാശ്വാസമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, രൂപത പ്രസിഡന്റ് വിന്‍സെന്റ് ആന്റണി എന്നിവരെ ദളിത് കമ്മീഷന് ചെയര്മാന് മാര്‍ ജേക്കബ് മുരിക്കന്‍ പൊന്നാടയണിയിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു. മൂവാറ്റുപുഴ രൂപത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്മീഷനംഗങ്ങളായ ബിഷപ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, യോഹന്നാന് മാര്‍ തിയഡോഷ്യസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ആനിക്കാട്, പള്ളിക്കത്തോട്, ചെങ്ങളം മേഖലയിലും വിവിധ ഇടവകകളിലും കോവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങളില്‍ സഹായമെത്തിക്കുന്ന “ഒരുപിടി സഹായം’ പദ്ധതിയാണ് കെസിബിസിയുടെ പ്രത്യേക ആദരത്തിന് അര്‍ഹമായത്.
രൂപത പ്രസിഡന്റ് വിന്‍സെന്റ് ആന്റണിയുടെ നേതൃത്വത്തില്‍ ക്ലേശമനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ വസ്തുക്കള്‍ എന്തെന്ന് ചോദിച്ചറിഞ്ഞ് അവ എത്തിക്കുന്ന പദ്ധതിക്കു സുമനസുകളായ അനേകമാളുകളുടെ പിന്തുണയുണ്ട്.