ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റുകിട്ടിയ പണം ഉപയോഗിച്ച് 10 കുട്ടികൾക്ക് പഠനസഹായമായി മൊബൈല്‍ ഫോൺ വാങ്ങി നല്കി പഞ്ചായത്ത് മെംബർ ജിജിമോൾ ഫിലിപ്പ് മാതൃകയായി

ആനക്കല്ല്: ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റുകിട്ടിയ 66,000 രൂപ മുടക്കി പാറത്തോട് പഞ്ചായത്ത് 17ാം വാര്‍ഡിലെ 10 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും 600 നോട്ടു ബുക്കുകളും പേനയും വാങ്ങി പഠനസൗകര്യമൊരുക്കി പഞ്ചായത്ത് മെംബര്‍ ജിജിമോള്‍ ഫിലിപ്പ് മാതൃകയായി. ലോക്ഡൗണ്‍ കാലത്ത് നിരവധി വീടുകളില്‍ ഭക്ഷണപ്പൊതിയും കിറ്റുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാനും സാധിച്ചിരുന്നു.

ഒരുമ, നവജീവന്‍, സഹൃദയ എന്നീ പുരുഷ സ്വാശ്രയ സംഘങ്ങളും വാര്‍ഡ് ജാഗ്രതസമിതിയും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ജോളി മടുക്കക്കുഴി, വിമല ജോസഫ് എന്നിവരും രംഗത്ത് സജീവമാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജെസി ഷാജന്‍ മൊബൈല്‍ഫോണുകളുടെയും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ജോളി മടുക്കക്കുഴി, വിമല ജോസഫ് എന്നിവര്‍ നോട്ടു ബുക്കുകളുടെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മെംബര്‍ ജിജിമോള്‍ ഫിലിപ്പ്, ഹരിതകേരള മിഷന്‍ പത്തനംതിട്ട ജില്ലാ കോഓര്‍ഡിനേറ്റര്‍ രാജേഷ്, രാജന്‍ മുല്ലക്കര, സജി നായ്പുരയിടം, ഷാമോന്‍ മുട്ടുമ്മേല്‍, ജോസി പടിഞ്ഞാറ്റേല്‍, മാത്യൂസ് കൊച്ചുപുര എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!