കാഞ്ഞിരപ്പള്ളി സ്വദേശിനി ഗർഭിണിയായ യുവതിയുടെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; ബന്ധുക്കൾ പരാതി നൽകി
കാഞ്ഞിരപ്പള്ളി : പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ നൽകിയ ഡെത്ത് സർട്ടിഫിക്കറ്റിൽ എഴുതിയത് വിവാദമായി. ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
കാഞ്ഞിരപള്ളി പാറക്കടവ് ടോപ്പ് – നരിവേലി റോഡ് ലെയ്നിൽ തൈപറമ്പിൽ മാത്യു – മോളമ്മ ദമ്പതികളുടെ മകൾ മഹിമ മാത്യു (31) ആണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്ച പകൽ രണ്ടിന് തിടനാട് പെന്തകോസ്ത് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.
പടിഞ്ഞാറക്കര കാഞ്ഞിരത്തുങ്കൽ രഞ്ജിത്ത് ആണ് ഭർത്താവ്. ലിന മാത്യു സഹോദരിയും. നാലു മാസം മുമ്പ് വിവാഹിതയായ മഹിമ രണ്ടു മാസം ഗർഭിണിയായിരുന്നു. എം എസ് ഡബ്ലു കോഴ് സ് പഠനം പൂർത്തീകരിച്ച മഹിമ കാനഡയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഈ മാസം ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്.
വീട്ടിൽ കഴിയുകയായിരുന്ന മഹിമക്ക് ഈ മാസം 11 മുതൽ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്നം.
15ന് തലവേദന രൂക്ഷമായതോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തി അഡ്മിറ്റ് ചെയ്തു. ആശുപത്രിയിലെത്തി അരമണിക്കൂറിന് ശേഷം ബോധംപൂർണമായി നഷ്ടപ്പെട്ടു. സ്ഥിതി കൂടുതൽ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആശുപത്രി നൽകിയ ഡെത്ത് സർട്ടിഫിക്കറ്റിൽ തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്സിനേഷൻ എടുത്തതിലെ പാർശ്വഫലങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ മഹിമയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തി. തലച്ചോറിലെ രക്തസ്രാവം ആണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമികനിഗമനം. കോവിഡ് വാക്സിനേഷൻ മരണത്തിന് കാരണമാകാമെന്ന് ആശുപത്രിയുടെ നിലപാടാണ് വിവാദമായത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി .