ഉരുളികുന്നത്ത് ഗന്ധർവന്മാർക്ക് തിരുവോണം
ഉ 
മൂലക്ഷേത്രമായ ഉരുളികുന്നം ഊരകത്ത് ഐശ്വര്യഗന്ധർവസ്വാമി ക്ഷേത്രം

ഉരുളികുന്നം ക്ഷേത്രത്തിൽ 2018-ൽ ഗന്ധർവമഹായജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഗന്ധവർവകളമെഴുത്തും പാട്ടും

ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം
ഉരുളികുന്നം: ഒരുഗ്രാമത്തെ പകുത്ത് അക്കരെയിക്കരെയാക്കി ഒഴുകുന്ന തോട്. ഇരുകരകളിലും ഉപാസനയ്ക്കായി ഗന്ധർവക്ഷേത്രങ്ങൾ. ഇരുകൂട്ടർക്കും മറുകരയിലെ ക്ഷേത്രം വാമൊഴിയിൽ ‘അക്കരെയമ്പലം’. തോടിനക്കരെ കടന്നാലും ആ കരയിലുള്ള ക്ഷേത്രം അവർക്ക് ‘അക്കരെയമ്പലം’തന്നെ.
ഒരിടത്ത് ദർശനം നടത്തി തോടുകടന്ന് മറുകരയിലുള്ള ഗന്ധർവനെക്കൂടി തൊഴുതാലേ പൂർണതയാവൂ എന്ന് വിശ്വസിക്കുന്ന ഭക്തർ. അവിടെ ദേവന് തിരുവോണമാണ് പ്രധാനനാൾ.
ഉരുളികുന്നത്ത് രണ്ടുകരയിലെയും ക്ഷേത്രങ്ങളിൽ ഒരേ മൂർത്തികൾ-മഹാവിഷ്ണുവിന്റെ അംശാവതാരമായി ഗണിക്കുന്ന ഐശ്വര്യഗന്ധർവൻ.
ഉത്സവത്തിന് മകരത്തിലെ തിരവോണമാണെങ്കിലും ചിങ്ങത്തിലെ തിരുവോണം പഴയകാലത്ത് രണ്ടുക്ഷേത്രാങ്കണങ്ങളിലും ഭക്തർ ആഘോഷമാക്കിയിരുന്നു.
കലയുടെ ദേവനായ ഗന്ധർവന് മുൻപിൽ അന്ന് വേലൻപാട്ട്, ഓണംതുള്ളൽ, കൂത്ത്, തിരുവാതിര തുടങ്ങിയ കലാരൂപങ്ങളും നടത്തി. കാലക്രമത്തിൽ ഇവയെല്ലാം ഓർമകളിൽ മാത്രമായി.
സ്വന്തം വീട്ടുവളപ്പിലെ വിളകളെന്തെങ്കിലും ഭഗവാന് സമർപ്പിച്ച് മടങ്ങിയെത്തിയതിന് ശേഷം തിരുവോണസദ്യയുണ്ണുന്നതായിരുന്നു പഴയകാലത്തെ രീതി.
ഇരുകരയിലേക്കും ഗന്ധർവനെത്തിയത് ഇങ്ങനെ
തോടിന് കിഴക്കേ കരയിലാണ് ഗന്ധർവന്റെ മൂലക്ഷേത്രമായ ഊരകത്ത് ക്ഷേത്രം. കിടങ്ങൂരിൽനിന്നെത്തിയ പള്ളത്ത് കുടുംബമാണ് പരദേവതയായി ദേവനെ കുടിയിരുത്തിയത്. ഇതേ കാലത്തുതന്നെ കിടങ്ങൂരിൽനിന്നെത്തിയ ഓണിയപ്പുലത്തില്ലം ബ്രാഹ്മണർ മറുകരയിൽ ഭദ്രകാളിയെ പ്രതിഷ്ഠിച്ച് ഉപാസന നടത്തി. രണ്ടിടത്തും അക്കാലത്ത് ഓണിയപ്പുലത്തില്ലക്കാർ തന്നെയാണ് പൂജ നിർവഹിച്ചിരുന്നത്. പിന്നീട് തോടിന് മറുകരയിൽ ഓണിയപ്പുലത്തില്ലത്തോട് ചേർന്നുള്ള ഭദ്രകാളിക്ഷേത്രത്തിന് സമീപം ഐശ്വര്യഗന്ധർവനെക്കൂടി പ്രതിഷ്ഠിച്ച് ഉപാസന തുടങ്ങി. അതോടെ ഇരുകരയിലുള്ളവർക്കും ഗന്ധർവക്ഷേത്രങ്ങളായി. രണ്ടു ക്ഷേത്രങ്ങളും ഇപ്പോൾ ഉരുളികുന്നം എൻ.എസ്.എസ്. കരയോഗത്തിന്റേതാണ്.
ഗന്ധർവകളവും ഗന്ധർവൻപാട്ടും
പഴയകാലത്ത് ഓണരാത്രികളിൽ വഴിപാടായി ഗന്ധർവകളമെഴുത്തും ഗന്ധർവൻപാട്ടും നടത്തിയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത ഈ അനുഷ്ഠാനം 2018 ഐശ്വര്യഗന്ധർവ മഹായജ്ഞത്തിന്റെ ഭാഗമായാണ് അരനൂറ്റാണ്ടിനിപ്പുറം നടത്തിയത്. പച്ചക്കുതിരപ്പുറത്തേറി ആകാശസഞ്ചാരം നടത്തുന്ന ഗന്ധർവന്റെയും കാമിനി സുന്ദരയക്ഷിയുടെയും രൂപമാണ് കളത്തിലെഴുതുന്നത്. പ്രകൃതിദത്തമായ അഞ്ചുനിറത്തിലാണ് കളമെഴുത്ത്. നന്തുണിയുടെ താളത്തിനൊപ്പമാണ് പാട്ട്. ശൃംഗാരരസപ്രധാന ഗീതവും ഐശ്വര്യപ്രാർഥനകളും ഉൾക്കൊള്ളുന്നതാണ് ഗന്ധർവൻപാട്ട്.
