ആറ്റുപുറമ്പോക്ക് അളന്നുതിരിക്കൽ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി

 

മുണ്ടക്കയം: കോടതി ഉത്തരവിനെ തുടർന്ന് മണിമലയാറിന്റെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുവാനെത്തിയ റവന്യൂ അധികൃതർ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി.

മണിമലയാറിന്റെ തീരമായ മുറികല്ലുംപുറം പുറമ്പോക്കിൽ വീട് നിർമിച്ച് താമസിക്കുന്ന 53 കുടുംബങ്ങളും ഹാരിസൺ മലയാളം എസ്റ്റേറ്റ് മാനേജ്മെന്റും തമ്മിൽ ഭൂമിയുടെ കൈവശം സംബന്ധിച്ച് കാലങ്ങളായി കോടതി വ്യവഹാരങ്ങൾ നടന്നുവരുകയാണ്. 

തോട്ടം മാനേജ്മെന്റ്‌ ഹൈക്കോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ആറ്റുപുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കാഞ്ഞിരപ്പള്ളി തഹസിൽദാർക്ക് കോടതി ഉത്തരവ് നൽകിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച റവന്യൂ അധികൃതർ സ്ഥലത്തെത്തിയത്. സർവേ നടത്തണമെങ്കിൽ ഹാരിസൺ എസ്റ്റേറ്റിന്റെ ഭൂമികൂടി അളക്കണമെന്ന നിലപാടിലാണ് ജനങ്ങൾ. 

എന്നാൽ കോടതി ഉത്തരവ് പ്രകാരം ആറ്റുപുറമ്പോക്ക് മാത്രമാണ് അളക്കുവാൻ നിർദേശമുള്ളതെന്ന് റവന്യൂ അധികൃതർ പറയുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് അധികൃതർ, റവന്യൂ, മുറികല്ലുംപുറം ഭൂസംരക്ഷണസമിതി പ്രവർത്തകർ എന്നിവരുമായി പഞ്ചായത്തിൽ ചർച്ചനടത്തി. 

ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സമർപ്പിക്കുവാനുള്ള സാവകാശം തേടിയശേഷം ഭൂസംരക്ഷണസമിതി പ്രവർത്തകർ മടങ്ങി. സംഘർഷസാധ്യത കണക്കിലെടുത്ത് സി.ഐ.യുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.

53 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുവാനുള്ള, അവർക്കുകൂടി തൃപ്തികരമായ പാക്കേജ് മാത്രമേ അംഗീകരിക്കൂവെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു.

error: Content is protected !!