കൂറ്റൻ കൽക്കെട്ട് വീട്ടിലേക്ക് ഇടിഞ്ഞുവീണു.. ഭാഗ്യം കൊണ്ടു ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കോയിക്കൽ കുടുംബം

കൂട്ടിക്കൽ ∙ അപകടഭീഷണി ചൂണ്ടിക്കാട്ടി പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരം കണ്ടില്ല; ഒടുവിൽ കൂറ്റൻ കൽക്കെട്ട് വീട്ടിലേക്ക് ഇടിഞ്ഞുവീണപ്പോൾ ഭാഗ്യം കൊണ്ടുമാത്രം ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് കോയിക്കൽ കുടുംബം. ഏന്തയാർ – കൈപ്പള്ളി – ഈരാറ്റുപേട്ട റോഡിന്റെ സംരക്ഷണഭിത്തിയാണ് ഇന്നലെ പുലർച്ചെ 2ന് ഇടിഞ്ഞത്.

റോഡരികിലെ കോയിക്കൽ കെ.ആർ.രാജപ്പന്റെ വീടിന്റെ രണ്ട് കിടപ്പു മുറികൾ പൂർണമായും തകർന്നു. അപകടസാധ്യത മുൻകൂട്ടിക്കണ്ട് രാജപ്പനും ഭാര്യ വിലാസിനി, മകൾ വിനീത എന്നിവർ മറ്റൊരു മുറിയിലേക്കു കിടപ്പു മാറ്റിയിരുന്നു. അപകട സാധ്യതയുള്ളതിനാൽ ഇതുവഴി ഭാരവാഹന ഗതാഗതം നിരോധിച്ചു.

ഈരാറ്റുപേട്ട റോഡ് നിർമാണത്തിന്റെ ഭാഗമായി 18 വർഷം മുൻപാണു രാജപ്പന്റെ വീടിന്റെ വശത്ത് 8 മീറ്റർ ഉയരത്തിൽ 10 അടി വീതിയിൽ സംരക്ഷണഭിത്തി നിർമിച്ചത്. പാറമടയിൽനിന്നു കൂറ്റൻ കരിങ്കല്ലുകൾ കൊണ്ടുവന്ന് അടുക്കി വച്ചായിരുന്നു നിർമാണം. കോൺക്രീറ്റ് ബെൽറ്റുകൾ സ്ഥാപിച്ചു പണിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല.

റോഡ് നിർമാണ ജനകീയ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു രാജപ്പൻ, അതുകൊണ്ടുതന്നെ അന്നു വിയോജിപ്പൊന്നും പറഞ്ഞില്ല. പിന്നീടു കെട്ടിനു ബലക്ഷയം വന്നതോടെ പഞ്ചായത്തിൽ ഉൾപ്പെടെ ഇവർ പരാതി നൽകി. രണ്ട് വർഷം മുൻപ് എംഎൽഎക്കു നേരിട്ടു പരാതി നൽകി. എന്നാൽ അൽപം സിമന്റ് തേച്ചുപിടിപ്പിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.

രാത്രി ഭയാനകമായ ശബ്ദം കേട്ടതോടെ രാജപ്പനും കുടുംബത്തിനും ഭയന്നതു സംഭവിച്ചെന്നു ബോധ്യമായി. 8 മീറ്റർ ഉയരത്തിൽനിന്ന് വീണ കൂറ്റൻ കല്ലിടിച്ചു വീടിന്റെ ഭിത്തി ചിതറിത്തെറിച്ചു. രാജപ്പനും ഭാര്യയും സ്ഥിരമായി കിടന്നിരുന്ന കട്ടിലിലേക്കു ഭിത്തിയുടെ കോൺക്രീറ്റും കല്ലുകളും വീണു.

‘ ഞങ്ങൾ ആ മുറിയിൽ ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി ’– ഇടറിയ വാക്കുകളാൽ ഇവർ ചോദിക്കുന്നു. ഓണത്തിനു മുൻപ്, സമീപത്തെ പുല്ലു പറിക്കുന്നതിന് ഇടയിലാണ് ഭിത്തിയുടെ അടിത്തറയിലെ കല്ലുകൾക്ക് ഇളകിയതായി രാജപ്പൻ കണ്ടത്. ഇതോടെ അപകടസാധ്യത മനസ്സിലാക്കി ഭിത്തിക്കു സമീപമുള്ള മുറിയിൽ കിടക്കേണ്ടെന്നു തീരുമാനിച്ചു.

എതിർവശത്തെ മുറിയിലാണ് 6 ദിവസമായി കിടക്കുന്നത്. 3 വർഷം മുൻപ് വായ്പയെടുത്താണു വീട് നവീകരിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും പൊലീസും രാത്രി തന്നെ സ്ഥലത്തെത്തി. കൂട്ടിക്കൽ പഞ്ചായത്തിൽ ഇത്തരത്തിൽ അപകടസാധ്യതയുള്ള പല സ്ഥലങ്ങളുണ്ട്. ഇനി ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഈ കുടുംബത്തിനു പറയാനുള്ളത്.

error: Content is protected !!