കോവിഡിൽ വില്ലൻ ഡെൽറ്റ; ഇങ്ങനെ ചെയ്തില്ലെങ്കിൽ കോവിഡ് വകഭേദം വീടുകളിൽ വ്യാപിക്കും
കോവിഡ് ഡെൽറ്റ വകഭേദമാണു വീടുകളിൽ വ്യാപനത്തോതു വർധിക്കാൻ കാരണമെന്നു വിദഗ്ധർ. ആദ്യ ഘട്ടത്തിൽ കൊറോണ വൈറസ് ബാധിച്ചതിലും കൂടുതൽ വേഗത്തിലാണു ഡെൽറ്റ വകഭേദം പകരുന്നത്. ഇതു കണക്കിലെടുത്തു വീടുകളിൽ പ്രതിരോധമൊരുക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. രോഗലക്ഷണം കാണിച്ചു തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപുതന്നെ വൈറസ് മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യത കൂടുതലാണ്.
വീട്ടിൽ ശ്രദ്ധിക്കാം
∙ ഭക്ഷണം ഒരുമിച്ചാക്കരുത്.
∙ പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. വാക്സീൻ എടുത്തു എന്നതിനാൽ ജാഗ്രത കൈവെടിയരുത്.
∙ ഒരുപാടു പേരുമായി ഇടപഴകുന്ന ജോലി ചെയ്യുന്നവർവീട്ടിലെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രം മാറി കുളിച്ച ശേഷം മാത്രം ഇടപഴകുക.
∙ എല്ലാവരും വാക്സീൻ സ്വീകരിക്കുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ: കോവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരും ശ്രദ്ധിക്കാൻ…
∙ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവർ പരിശോധനാ ദിവസം മുതൽ 10 ദിവസം വീട്ടിലോ കോവിഡ് പരിചരണ കേന്ദ്രത്തിലോ ആരോഗ്യവകുപ്പ് നിർദേശ പ്രകാരം കഴിയണം.
∙ വീട്ടിൽ കഴിയുന്നവർ മുറിക്കുള്ളിൽ തന്നെ കഴിയണം. രോഗിയുമായി ഇടപഴകിയവർ ആ ദിവസം മുതൽ 7 ദിവസം കഴിഞ്ഞോ കോവിഡ് ലക്ഷണങ്ങൾ പ്രകടമാക്കുമ്പോഴോ ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാകണം.
∙ കോവിഡ് സ്ഥിരീകരിച്ചാൽ പ്രദേശത്തെ ആശാ – ആരോഗ്യപ്രവർത്തകർ, ദ്രുതകർമസേന, കോവിഡ് പരിചരണ കേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ശേഖരിച്ചു വയ്ക്കണം.
∙ ചികിത്സാ, ക്വാറന്റീൻ കാലയളവിൽ മെഡിക്കൽ ആവശ്യങ്ങൾക്കോ പരിശോധന നടത്തുന്നതിനോ മുറിക്കു പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കണം.
∙ വാതിലിന്റെ കൈപ്പിടി, നോബുകൾ എന്നിവ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കണം. വീടിന്റെ മുകൾ ഭാഗത്താണ് രോഗി കഴിയുകയാണെങ്കിൽ കോണിപ്പടിയും അണുവിമുക്തമാക്കണം.
∙ കോവിഡ് ആശുപത്രിയിലോ പരിചരണ കേന്ദ്രത്തിലോ വിവരം അറിയിച്ച്, സുരക്ഷ ഉറപ്പുവരുത്തി മാത്രം കോവിഡ് ബാധിതനുമായി എത്തുക.
∙ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ എന്നിവ ഉള്ളവർ കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദം എന്നിവ സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തണം.
∙ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ രണ്ടാഴ്ചത്തേക്കു കരുതിവയ്ക്കുക.
∙ മരുന്നുകളും ഭക്ഷണവും കൃത്യമായി കഴിക്കുകയും, ആവശ്യത്തിന് ഉറങ്ങുകയും ചെയ്യണം.
∙ ഭക്ഷണം കഴിക്കാനുള്ള പാത്രം, കപ്പുകൾ, ജഗ്, എന്നിവ ആവശ്യത്തിനു മുറിയിൽ കരുതുക. ഭക്ഷണ സമയത്തു മാത്രം അവ മുറിക്കു പുറത്തു വയ്ക്കുക.
∙ ഭക്ഷണത്തിനുശേഷം അവശിഷ്ടങ്ങൾ ഇടാൻ മുറിക്കു പുറത്തു പേപ്പർ ബാഗ് ക്രമീകരിക്കുക. പരിചരിക്കുന്നയാൾ ഇത് രണ്ടടിയെങ്കിലും ആഴമുള്ള ഒരു കുഴിയിലിട്ടു മണ്ണിട്ടു മൂടുക.
∙ ഭക്ഷണം കഴിച്ച പാത്രങ്ങൾ സ്വയം കഴുകി മുറിയിൽ സൂക്ഷിക്കുക.
∙ മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പങ്കുവയ്ക്കരുത്.
∙ ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, തോർത്ത്, ചീപ്പ്, ബ്രഷ്, പേസ്റ്റ്, സോപ്പുപൊടി, ബക്കറ്റ് എന്നിവ റൂമിൽ കരുതുക.
∙ ചികിത്സാ, ക്വാറന്റീൻ കാലാവധി അവസാനിക്കുമ്പോൾ വസ്ത്രങ്ങൾ, കർട്ടനുകൾ തുടങ്ങി ഉപയോഗിച്ച എല്ലാ തുണികളും ബ്ലീച്ചിങ് ലായനിയിൽ 20 മിനിറ്റ് മുക്കിവച്ച ശേഷം സോപ്പ് ഉപയോഗിച്ചു കഴുകി ഉണക്കി നന്നായി തേച്ച ശേഷം മാത്രം ഉപയോഗിക്കുക.
∙തറ അണുനാശിനി ഉപയോഗിച്ചു കഴുകണം. ജനാലകൾ തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മുറി ഉപയോഗിക്കുക.
വിവരങ്ങൾ: ഡോ.ജേക്കബ് വർഗീസ് ജില്ലാ മെഡിക്കൽ ഓഫിസർ