വയറ്റിൽ ഉളി കൊണ്ട് കുത്തേറ്റ നിലയിൽ യുവാവ് മരണപെട്ടു: സുഹൃത്ത് റിമാൻഡിൽ
മുണ്ടക്കയം ഈസ്റ്റ് : ഉളിയുടെ പുറത്തേക്കു യുവാവ് അബദ്ധത്തിൽ തെന്നിവീണ് മുറിവേറ്റ് മരിച്ചു എന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്കേറ്റത്തിൽ കുത്തേറ്റാണ് മരണം എന്ന് പോലീസ് അറിയിച്ചു.
വയറ്റിൽ ഉളി കൊണ്ട് കുത്തേറ്റ് ആന്തരിക രക്തസ്രാവം മൂലം യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഈസ്റ്റ് മരുതുംമൂട് ആലപ്പാട്ട് ലിൻസൺ (34) മരിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന മരുതുംമൂട് കുഴിവേലി മറ്റത്തിൽ അജോ (36) ആണ് റിമാൻഡിലായത്.
വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം. ലിൻസണും സുഹൃത്ത് അജോയും കൂടി അജോയുടെ വീടിനോട് ചേർന്ന മുറിയിലെ ഗൃഹോപകരണ നിർമ്മാണശാലയിലിരുന്ന് സംസാരിച്ചു. ഇതിനിടെ തർക്കമുണ്ടായി. മൽപ്പിടുത്തത്തിൽ താഴെ വീണ ലിൻസന്റെ വയറ്റിൽ ഉളി കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വെളിപ്പെടുത്തൽ. കോട്ടയം മെഡിക്കൽ കോേളജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉളിക്ക് മുകളിൽ വീണാൽ ഇത്രയധികം മുറിവുണ്ടാകാനിടയിെല്ലന്ന നിഗമനത്തെ തുടർന്ന് അജോയെ കൂടുതൽ ചോദ്യംചെയ്തു. അജോ ഉളി കൊണ്ട് കുത്തിയ വിവരം ലിൻസൺ ആശുപത്രി അധികൃതരോടും പറഞ്ഞിട്ടില്ല. പ്രതി പോലീസിന് നൽകിയ മൊഴി പ്രകാരം അജോയുടെ പണിപ്പുരയിലിരുന്ന് മദ്യപിച്ചശേഷം അവിടെ കിടന്ന് ഉറങ്ങിയ ലിൻസണെ വിളിച്ചുണർത്തി മുറിക്ക് പുറത്ത് പോകാൻ ആവശ്യപ്പെട്ടത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ അജോ, ലിൻസണ് നേരെ ഉളി വീശിയപ്പോൾ വയറ്റിൽ കൊള്ളുകയായിരുന്നു. പിന്നീട് അജോയും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി. സി.ജി.സനൽകുമാർ, പെരുവന്താനം പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി.കെ.ജയപ്രകാശ്, എസ്.ഐ.മാരായ ബിജു ജോസഫ്, കെ.ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.