ഭക്തിയിലാറാടി ചേനപ്പാടി കരയുടെ തൈര് സമർപ്പണം

ചേനപ്പാടി : തിരുവാറന്മുളയപ്പന് പാളത്തൈര് സമർപ്പിച്ച് ചേനപ്പാടി ഗ്രാമം. പതിവുപോലെ ജന്മാഷ്ടമി സദ്യക്ക് വിളമ്പുന്നതിനുള്ള തൈര് ചേനപ്പാടി കരയുടേതായി വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരുടെ നേതൃത്വത്തിലാണ് ആറന്മുളയിൽ സമർപ്പിച്ചത്. ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ഭക്തർ ആറന്മുളയിലെത്തി ഭഗവാനെ ദർശിച്ച് സമർപ്പണത്തിൽ പങ്കെടുത്തു. ചേനപ്പാടിക്കാരുടെ പാളത്തൈരാണ് വള്ളസദ്യയിൽ പാടിച്ചോദിക്കുന്ന പ്രധാന വിഭവം. 80 ലിറ്ററോളം തൈരാണ് സമർപ്പിച്ചത് .

ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽ നിന്നാണ് ഞായറാഴ്ച രാവിലെ പാളപ്പാത്രങ്ങളിൽ തയ്യാറാക്കിയ തൈരുമായി പുറപ്പെട്ടത്. വാഴൂർ തീർഥപാദാശ്രമത്തിൽ നിന്നുള്ള തൈരുമുണ്ടായിരുന്നു. കൂടാതെ ആശ്രമത്തിൽ നിന്ന് ആറന്മുളയപ്പന് നേദിക്കാനുള്ള വെണ്ണയും സമർപ്പിച്ചു. കൊടിമരച്ചുവട്ടിലെത്തി നാരായണചൊല്ലി ക്ഷേത്രത്തിനു വലംവെച്ചശേഷമായിരുന്നു തൈര് സമർപ്പണം. ആഘോഷമായി എത്തിയിരുന്ന ഭക്തസംഘം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് എണ്ണം കുറച്ചാണെത്തിയത്.

error: Content is protected !!