റബർ തൈകളുടെ വേര് തിന്നുന്ന പുഴു; ആശങ്കയോടെ കർഷകർ
∙ റബർ തൈകളുടെ വേരു കാർന്നു തിന്നുന്ന ‘കോക്ക് ചാഫർ ഗ്രബിന്റെ’ (വേരുതീനിപ്പുഴുക്കൾ– കോച്ച് ചാഫർ വണ്ടിന്റെ പുഴു) ആക്രമണം പലയിടത്തും കണ്ടെത്തി. ഇലപൊഴിച്ചിലിനും ഇലപ്പൊട്ടു രോഗത്തിനും പുറമേ പുതിയ രോഗം കൂടി എത്തിയതോടെ കർഷകർ ആശങ്കയിലാണ്. പാലക്കാട് മംഗലം ഡാം മേഖലയിൽ വനമേഖലയോടു ചേർന്ന നഴ്സറിയിലെ 150 ൽ ഏറെ റബർ തൈകളുടെ വേരുകളാണ് പുഴു തിന്നു തീർത്തത്.
വളമായി എത്തിക്കുന്ന ചാണകത്തിൽ നിന്നാകാം പുഴുവിന്റെ ആക്രമണം ഉണ്ടായതെന്നു റബർ ബോർഡ് റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷാജി ഫിലിപ് പറഞ്ഞു. ഇളകിയ മണ്ണിലാണ് ഇവ വളരുന്നത്. കാഴ്ചയിൽ ചാണകപ്പുഴു പോലെ ഇരിക്കും.തൈകളുടെ വേരിൽ അൽപം മധുരമുണ്ട്. ഇതുമൂലം പുഴുക്കൾ വേരു കാർന്നു തിന്നും. ചെടി നശിക്കും. പരമ്പരാഗത റബർ മേഖലയിൽ രോഗം വ്യാപകമല്ല. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ക്യുനാൽഫോസ് പോലുള്ള കീടനാശിനി ഉപയോഗിച്ചാൽ മതി– ഡോ. ഷാജി ഫിലിപ് പറഞ്ഞു. ഇതുവരെ 6000 ഹെക്ടർ റബർ തോട്ടങ്ങളിൽ ഇലപൊഴിച്ചിലും ഇലപ്പൊട്ടു രോഗവും ബാധിച്ചു. എന്നാൽ റബർ ബോർഡ് ഫലപ്രദമായി ഇടപെട്ടതിനാൽ രോഗ വ്യാപനം തടയാനായി. രോഗബാധയുള്ള 1000 ഹെക്ടർ തോട്ടങ്ങളിൽ റബർ ബോർഡ് മരുന്നു തളിച്ചു.