എരുമേലിയിൽ കോവിഡ് വീണ്ടും കൂടുന്നു ടി.പി.ആർ.-18.1
എരുമേലി: കർശനനിയന്ത്രണങ്ങളിൽ കോവിഡ് വ്യാപനത്തോത് കുറഞ്ഞ എരുമേലി പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയരുന്നു. ഒന്നരവർഷത്തോളമായി തുടരുന്ന മഹാമാരിയെ പ്രതിരോധിക്കാൻ പോലീസും ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും ശ്രമിച്ചിട്ടും രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. നിയന്ത്രണത്തിലെ ഇളവുകളാണ് രോഗവ്യാപനത്തോത് കൂട്ടിയതെന്ന് ആക്ഷേപം.
23 വാർഡുള്ള എരുമേലി ഗ്രാമപ്പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ സ്ഥിതി ഗുരുതരമാണ്. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്ക് പ്രകാരം വാർഡ് 12-ൽ 38 പേരാണ് കോവിഡ് പോസിറ്റീവ്. ഏഴാംവാർഡ് നേർച്ചപ്പാറയിൽ 27-ഉം, രണ്ടാം വാർഡിൽ 22-പേരും, വാർഡ് 11-21, 2-22 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 10, 20, 21 വാർഡുകളിൽ 17 പേർ വീതമാണ് കോവിഡ് ബാധിതർ. കനകപ്പലം വാർഡ് കോവിഡ് മുക്തമായി.
പഞ്ചായത്തിലുടനീളം നിലവിലുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 264 ആയി. 297 ആളുകളെ പരിശോധിച്ചതിൽ 54 പേരാണ് കോവിഡ് പോസിറ്റീവ്. രോഗ സ്ഥിരീകരണ നിരക്ക് 18.1 ശതമാനം.
ഡി.സി.സി/സി.എഫ്.എൽ.ടി.സി. എന്നിവിടങ്ങളിലായി 102 ആളുകളും വീടുകളിൽ 164 പേരും ക്വാറന്റീനിലുണ്ട്.
വ്യാഴാഴ്ച എരുമേലിയിൽ 131 പുതിയ കേസുകൾ കൂടി ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 400-നടുത്തായിരിക്കുകയാണ്.