പഴയപള്ളിയും അക്കരയമ്മയും ഭക്തിയുടെ കേന്ദ്രം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ വിശ്വാസികളെയും ഇതര വിശ്വാസികളെയും സംബന്ധിച്ച് പഴയപള്ളിയും അക്കരയമ്മയും ഭക്തിയുടെ കേന്ദ്രമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി പഴയപള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
പരിശുദ്ധ അമ്മയെ മുന്നിൽക്കണ്ടും മനസിൽ സൂക്ഷിച്ചും വിശുദ്ധിയോടെ അമ്മയുടെ പിറവിത്തിരുനാളിൽ നമുക്ക് പങ്കുചേരാം. ഈ കോവിഡ് മഹാമാരിയിൽ നിന്ന് നമ്മളെല്ലാവരും കരകയറും. ഇതുപോലെയുള്ള പ്രതിസന്ധികളെ മനുഷ്യൻ മുമ്പും അതിജീവിച്ചിട്ടുള്ളതാണ്. അതിന് കുറവുകളെ പരിഹരിച്ചുകൊണ്ട് മറ്റുള്ളവരുടെ ജീവിതങ്ങളെ ധന്യമാക്കുന്ന ഒരു മനോഭാവം നമുക്ക് ഉണ്ടാകണമെന്നും കർദിനാൾ പറഞ്ഞു. കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. ജയിംസ് പുലിയുറുമ്പിൽ എന്നിവർ സഹകാർമികരായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുനാള്‍ കര്‍മങ്ങള്‍ നടത്തുന്നത്. ഭക്തജനങ്ങള്‍ക്കു പള്ളിയിലെത്തി നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
മേഖലയിലെ ഏറ്റവും പുരാതനമായ മരിയൻ തീർഥാടനകേന്ദ്രമായ അക്കരപ്പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ ഏറെ ഭക്തിപ്രസിദ്ധമാണ്. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് നോമ്പിന്റെ എട്ടുദിവസവും അക്കരയമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയിരുന്നത്. എന്നാൽ, ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മൂലം സാമൂഹിക അകലം പാലിച്ചാണ് വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നത്. വീട്ടിലിരുന്നു തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിനായി അക്കരയമ്മലൈവ് എന്ന യുടൂബ് ചാനല്‍വഴി തത്സമയ സംപ്രേഷണവും നടക്കുന്നുണ്ട്.