ഉദ്ഘാടനം നടത്തി ഒരു വർഷമാകാറായിട്ടും പൊൻകുന്നത്തെ പഞ്ചായത്ത് വ്യാപാരസമുച്ചയം നിർമാണം പാതിവഴിയിൽ
പൊൻകുന്നം: ഉദ്ഘാടനം നടത്തി ഒരു വർഷമാകാറായിട്ടും പൊൻകുന്നം ചിറക്കടവിലെ പഞ്ചായത്ത് വ്യാപാര സമുച്ചയം തുറക്കാൻ നടപടിയില്ല. അഞ്ചു കോടി രൂപ വകയിരുത്തിയ മൂന്നു നില മന്ദിരത്തിന്റെ നിർമാണമാണ് പാതിവഴിയിൽ എത്തിനിൽക്കുന്നത്.
പൊൻകുന്നം ടൗണിൽ ദേശീയപാതയോരത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി നിർമാണം ആരംഭിച്ച വ്യാപാര സമുച്ചയമാണ് നിലവിൽ പണി പൂർത്തിയാകാതെ കിടക്കുന്നത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണന്ന ആരോപണം ഉയരുകയാണ്. നിലവിൽ കെട്ടിടത്തിന്റെ സ്ട്രക്ച്ചർ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. മാത്രവുമല്ല തറനിരപ്പിൽ ഉറവ ജലം കെട്ടിക്കിടക്കുകയുമാണ്.
പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയ സ്ഥലത്ത് 2.59 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സമുച്ചയത്തിന്റെ നിർമാണമാണ് നടക്കുന്നത്. 52 മുറികളും മൂന്ന് നിലകളിൽ ഹാളും വിശാലമായ പാർക്കിംഗ് സ്ഥലവും പുതിയ സമുച്ചയത്തിലുണ്ട്. വ്യാപാര സമുച്ചയത്തിൽ ലിഫ്റ്റ് ഘടിപ്പിക്കുന്നതിനായി വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലികളടക്കമാണ് ഇനിയും നടക്കേണ്ടതെന്ന് പഞ്ചായത്തധികൃതർ പറയുന്നു. നിലവിലെ ലൈനിന് പകരം കേബിളാണ് മാറ്റി സ്ഥാപിക്കുന്നത്. ഇതിനായുള്ള പണം കെഎസ്ഇബിയിൽ അടച്ചിട്ടുണ്ട്. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചു കഴിഞ്ഞാൽ ഒരുമാസത്തിനകം സമുച്ചയം തുറന്നു കൊടുക്കുവാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഭരണസമിതി പങ്കുവയ്ക്കുന്നത്. എന്നാൽ, കെട്ടിട നിർമാണം പൂർത്തിയാക്കാത്തതിനെതിരെ യുഡിഎഫ് രംഗത്ത് എത്തിക്കഴിഞ്ഞു.
അടിയന്തിരമായി കെട്ടിട നിർമാണം പൂർത്തിയാക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നും പൊൻകുന്നത്ത് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ പണി പൂർത്തിയാകും മുന്പേ ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് അന്ന് പ്രതിഷേധിച്ചവരാണ് ഇന്ന് ഉദ്ഘാടന മാമാങ്കം മാത്രം നടത്തിയ ശേഷം ഷോപ്പിംഗ് കോപ്ലക്സിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഒരു വർഷം മുന്പ് ഷോപ്പിംഗ് കോപ്ലക്സിന്റെ ഉദ്ഘാടനത്തോടൊപ്പം ജനകീയ ഹോട്ടലിന്റെയും ഉദ്ഘാടനം നടത്തിയെങ്കിലും അതിന്റെയും പ്രവർത്തനം ആരംഭിക്കാൻ നടപടി ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു. മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ മുകൾ ഭാഗം റൂഫ് ചെയ്യുന്ന നടപടി ഒഴിവാക്കിയാണ് നിലവിൽ നിർമാണം നടക്കുന്നത്. റൂഫ് ചെയ്യുന്ന നടപടി കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഇത് ഒഴിവാക്കിയിരിക്കുന്നത്.