വെള്ളനാടി മണിമലയാറിന്റെ തീരത്തെ ആറ്റുപുറന്പോക്ക് അളന്നു തിട്ടപ്പെടുത്തലിനു തുടക്കം
മുണ്ടക്കയം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മുണ്ടക്കയം വെള്ളനാടി മണിമലയാറിന്റെ തീരത്തെ ആറ്റുപുറന്പോക്ക് അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾക്ക് റവന്യൂ വകുപ്പ് തുടക്കം കുറിച്ചു. എല്‍എ തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂസംഘം മുണ്ടക്കയം പോലീസിന്റെ സഹായത്തോടെയാണ് അളക്കല്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസം റവന്യൂ സംഘം ആറ്റുപുറന്പോക്ക് അളക്കാൻ എത്തിയെങ്കിലും ഭൂസമര സമിതിയുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു. കൊടുകപ്പലം ഭാഗത്ത് നിന്നുമാണ് അളവു തുടങ്ങിയത്. അതിനാല്‍ തന്നെ സമരക്കാര്‍ അവിടെ എത്തിയിരുന്നില്ല. കനത്ത മഴയെത്തുടര്‍ന്നു ഉച്ചയ്ക്ക് ഒന്നോടെയാണ് അളവ് ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അളന്നു തിട്ടപ്പെടുത്തിയ കല്ലുകള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയാണ് വീണ്ടും കുറ്റിയടിച്ചത്.
ഹാരിസണ്‍ റബര്‍ എസ്റ്റേറ്റിന്റെ ഭാഗവും അളന്നു തുടങ്ങിയെങ്കിലും മഴ കനത്തതോടെ നിര്‍ത്തിവച്ചു. സമീപമുള്ള ഹാരിസൺ എസ്റ്റേറ്റുമായി സ്ഥലപ്രശ്നം നിലനിൽക്കെ പ്രദേശവാസികൾ രണ്ടു വർഷമായി ഇവിടെ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്തു വരികയാണ്. ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് സർവേ നടപടികളുമായി എത്തിയാൽ തടയാനാണു നീക്കം. അളന്ന് താഴേക്ക് എത്തുന്ന സ്ഥലത്താണ് 53 കുടുംബങ്ങൾ താമസിക്കുന്നത്. തിങ്കളാഴ്ച തുടർ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
ഹാരിസണിന്റെ മിച്ചഭൂമി അളക്കാതെ പാവപ്പെട്ടവര്‍ തമാസിക്കുന്ന ആറ്റുപുറമ്പോക്ക് അളക്കാന്‍ ആരെയും അുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. അളക്കലിനെതിരെ സമിതി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് അനുകൂലമായ വിധി അടുത്തദിവസം ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.