മുണ്ടക്കയം വെള്ളനാടി പുറമ്പോക്ക് ഭൂമി അളക്കാൻ എത്തിയ റവന്യൂ അധികൃതരെ നാട്ടുകാർ തടഞ്ഞുവച്ചു; ആദ്യം ഹാരിസൺഭൂമി അളന്ന് സർക്കാർ ഭൂമി തിരികെ പിടിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു

മുണ്ടക്കയം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മണിമലയാറിന്റെ തീരമായ വെള്ളനാടിയിലെ പുറമ്പോക്ക് ഭൂമി സർവേ നടത്തുവാനെത്തിയ റവന്യൂ അധികൃതരെ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞുവച്ചു. പ്രദേശവാസികളെ ഇവിടെ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും പുറമ്പോക്ക് അളക്കുന്നതിനു മുൻപ് എസ്റ്റേറ്റിന്റെ സ്ഥലം അളന്ന് സർക്കാർ ഭൂമി തിരികെ പിടിക്കാൻ നടപടി സ്വീകരിക്കണം എന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇതോടെ റവന്യു സംഘം സർവേ നടത്താതെ മടങ്ങി. മണിമലയാറിന്റെ തീരത്ത് താമസിക്കുന്ന 53 വീട്ടുകാരുടെ സ്ഥലമുൾപ്പെടെയുള്ള ഭൂമിയാണ് സർവേ നടത്തുവാൻ എത്തിയത്.

മണിമലയാറിന്റെ തീരത്ത് താമസിക്കുന്ന 53 വീട്ടുകാരുടെ സ്ഥലമുൾപ്പെടെയുള്ള ഭൂമിയാണ് സർവേ നടത്തുവാൻ എത്തിയത്. 

ഇതിനോട് ചേർന്ന റബ്ബർ തോട്ടം ഉടമകളായ ഹാരിസൺ മലയാളം എസ്റ്റേറ്റ് കോടതിയെ സമീപിച്ചതോടെയാണ് പുറമ്പോക്ക് അളക്കാൻ കോടതി നിർദേശം നൽകിയത്. സർവേ ജനവാസമേഖലയിൽ എത്തിയപ്പോൾ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ റവന്യൂ സംഘത്തെ തടഞ്ഞു. 

പ്രദേശവാസികളെ ഇവിടെനിന്നു ഒഴിപ്പിക്കാനുള്ള ശ്രമമാണ് സർവേക്ക് പിന്നിലെന്നും പുറമ്പോക്ക് അളക്കുന്നതിനു മുൻപ് എസ്റ്റേറ്റിന്റെ സ്ഥലം അളന്ന് സർക്കാർ ഭൂമി തിരികെപ്പിടിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. 

ഇതോടെ റവന്യൂ അധികൃതർ മടങ്ങാൻ ഒരുങ്ങിയെങ്കിലും തീരുമാനങ്ങൾ അറിയിക്കാത്തതിനെ തുടർന്ന് റവന്യൂ സംഘത്തിന്റെ വാഹനം സ്ത്രീകൾ അടക്കമുള്ളവർ തടഞ്ഞു. 

സ്ഥലത്തുണ്ടായിരുന്ന ആളുകളെ നീക്കംചെയ്യാനുള്ള പോലീസിന്റെ ശ്രമം ഫലം കണ്ടില്ല. തഹസിൽദാർ കളക്ടറെ ഫോണിൽ വിവരങ്ങൾ ധരിപ്പിച്ചു. പ്രദേശവാസികൾ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചതിൽ ലഭിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം സർവേ നടത്തിയാൽ മതിയെന്ന കളക്ടറുടെ നിർദേശം തഹസിൽദാർ അറിയിച്ചതോടെയാണ് സമരക്കാർ സമരം അവസാനിപ്പിച്ചത്.

error: Content is protected !!