വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ മുഖംമിനുക്കുന്നു
വിദ്യാർഥികൾ തിരികെ എത്തുന്പോഴേക്കും സ്വീകരിക്കാനായി ജില്ലയിലെ സ്കൂളുകൾ മുഖം മിനുക്കുന്നു.
മെച്ചപ്പെട്ട ക്ലാസ് മുറികൾ, ലാബുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള നവീകരണ പ്രവർത്തനങ്ങൾ സ്കൂളുകളിൽ ആരംഭിക്കുന്നു. ജില്ലയിലെ 10 സ്കൂളുകൾക്കായി 18.80 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടങ്ങളാണ് നിർമിക്കുന്നത്.
ഏറ്റുമാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കോട്ടയം നിയോജക മണ്ഡലങ്ങളിലെ സ്കൂളുകളിലാണു നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഏറ്റുമാനൂർ മണ്ഡലത്തിൽ നാലു സ്കൂളുകൾക്കാണു പുതിയ കെട്ടിടം നിർമിക്കുക.
കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നീണ്ടൂരിൽ എസ്കെവി ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ ബ്ലോക്കും പ്ലാൻ ഫണ്ടിൽനിന്ന് 2.19 കോടി രൂപ വിനിയോഗിച്ച് ഹയർ സെക്കൻഡറി ബ്ലോക്കും നിർമിക്കും. ആർപ്പൂക്കര മെഡിക്കൽ കോളജ് വിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി ബ്ലോക്കാണ് നിർമിക്കുന്നത്.
ഒരു കോടി രൂപയാണ് നിർമാണ ചെലവ്. എംഎൽഎ ഫണ്ടിൽനിന്ന് 4.25 കോടി രൂപ ഉപയോഗിച്ചാണ് ഏറ്റുമാനൂർ ഗവണ്മെന്റ് ഗേൾസ് എച്ച്എസിനു കെട്ടിടം നിർമിക്കുന്നത്.
പൂഞ്ഞാർ മണ്ഡലത്തിലെ കൊന്പുകുത്തി ജിഎച്ച്എസിലും പനയ്ക്കച്ചിറ ജിഎച്ച്എസിലും നബാർഡിന്റെ സഹായത്തോടെ രണ്ടു കോടി രൂപ വീതവും ഈരാറ്റുപേട്ട ജിഎച്ച്എസ്എസിൽ കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുക. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കുന്നുംഭാഗം ജിഎച്ച്എസിന് നബാർഡ് ഫണ്ട് രണ്ട് കോടി രൂപയും വാഴൂർ എൻഎസ്എസ് ഗവണ്മെന്റ് എൽപി സ്കൂളിന് പ്ലാൻ ഫണ്ട് 1.36 കോടി രൂപയും ഉപയോഗിച്ച് കെട്ടിടം നിർമിക്കും.
കോട്ടയം മണ്ഡലത്തിൽ വടവാതൂർ ജിഎച്ച്എസിന് രണ്ടു കോടി രൂപയുടെ കെട്ടിടമാണ് നബാർഡിന്റെ ഫണ്ടുപയോഗിച്ച് നിർമിക്കുക.
നിർമാണപ്രവർത്തനങ്ങൾ 14നു മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്ലൈനായി ഉദ്ഘാടനം ചെയ്യും. നിർമാണം പൂർത്തിയാക്കിയ താഴത്തുവടകര എൽപി സ്കൂളിന്റെ കെട്ടിടവും ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.