എരുമേലിയിൽ വഴിയോരത്തെ മാലിന്യംതള്ളൽ തടയാൻ കർശന നടപടിയുമായി ഗ്രാമപ്പഞ്ചായത്ത്; വീടുകളിൽ നിന്നും നേരിട്ട് മാലിന്യം സ്വീകരിക്കുവാൻ പദ്ധതി..
എരുമേലി: എരുമേലിയിൽ വഴിയോരത്തെ മാലിന്യംതള്ളൽ തടയാൻ കർശന നടപടി സ്വീകരിക്കുവാൻ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ നാടിന്റെ സഹകരണമുണ്ടാകണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ആവശ്യപ്പെട്ടു. നിലവിൽ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കുകൾ മാറ്റി മാലിന്യം നേരിട്ട് ശേഖരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. എരുമേലി കവുങ്ങുംകുഴിയിൽ പഞ്ചായത്ത് വക സ്ഥലത്ത് പ്ലാന്റ് നവീകരണം, ആധുനിക അറവുശാലയുടെ പൂർത്തീകരണം, പൊതുശ്മശാനം, സോളാർ വൈദ്യുതി തുടങ്ങി ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
വഴിയോരങ്ങളിൽ അനിയന്ത്രിതമായ മാലിന്യംതള്ളൽ തടഞ്ഞ് വൃത്തിയുടെ മുഖമേകാൻ ഗ്രാമപ്പഞ്ചായത്തിന്റെ ശ്രമം. ഉറവിടങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച് മലിനീകരണം തടയുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ എരുമേലി, മുക്കൂട്ടുതറ ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നാണ് പഞ്ചായത്ത് ഹരിതകർമസേനവഴി മാലിന്യം ശേഖരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് നൽകണം. ഭക്ഷണശാലകളിൽനിന്നുള്ള അഴുകിയ മാലിന്യം മത്സ്യ, മാംസ വ്യാപാരശാലകളിൽനിന്നുള്ളവയും സ്വീകരിക്കില്ല.
മാലിന്യം നീക്കാൻ പ്രതിമാസം മാലിന്യത്തിന്റെ അളവനുസരിച്ച് 100 രൂപ മുതൽ 300 രൂപവരെ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് നേരിട്ടുള്ള മാലിന്യശേഖരണം ബുധനാഴ്ച തുടങ്ങും. രണ്ടാംഘട്ടമായി ഓരോ വീട്ടിൽനിന്നും മാലിന്യം ശേഖരിക്കാനാണ് പദ്ധതി. ഇതിനായി വീടുകളിൽ ഹരിതകർമസേനയുടെ ബോധവത്കരണവും നോട്ടീസ് വിതരണവും ആരംഭിച്ചു.
എരുമേലി, മുക്കൂട്ടുതറ ടൗണുകൾക്ക് സമീപം വഴിയോരത്ത് എട്ടിടങ്ങളിലായി മാലിന്യം ശേഖരിക്കാൻ പഞ്ചായത്ത് കിയോസ്‌കുകൾ സ്ഥാപിച്ചിരുന്നു. ജൈവ, അജൈവ മാലിന്യം വേർതിരിച്ച് കിയോസ്കുകളിൽ നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ മാലിന്യം വേർതിരിക്കാതെ ചാക്കിൽകെട്ടി കിയോസ്കുകൾക്ക് മുൻപിൽ തള്ളുകയായിരുന്നു. സാനിട്ടറി നാപ്കിൻമുതൽ ചത്ത വളർത്തുനായയെവരെ രാത്രിയിൽ കിയോസ്കുകൾക്ക് മുൻപിൽ തള്ളിയ സംഭവമുണ്ടായി.
സമീപ പഞ്ചായത്തുകളിൽനിന്നുവരെ മാലിന്യം കിയോസ്കുകളിലെത്തി. കിയോസ്കുകൾ മാറ്റി മാലിന്യം നേരിട്ട് ശേഖരിക്കാൻ പഞ്ചായത്തിന്റെ തീരുമാനം. എരുമേലി കവുങ്ങുംകുഴിയിൽ പഞ്ചായത്ത് വക സ്ഥലത്ത് പ്ലാന്റ് നവീകരണം, ആധുനിക അറവുശാലയുടെ പൂർത്തീകരണം, പൊതുശ്മശാനം, സോളാർ വൈദ്യുതി തുടങ്ങി ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.