ജനറൽ ആശുപത്രിയിലെ പുതിയ കാന്റീൻ കെട്ടിടം വീണ്ടും പഴയ കെട്ടിടത്തിലേക്ക്
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ കാന്റീൻ കെട്ടിടത്തിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് പരാതി. മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന കാന്റീൻ വീണ്ടും പഴയകെട്ടിടത്തിൽ പ്രവർത്തിക്കാനൊരുങ്ങുന്നു.
കാന്റീൻ പ്രവർത്തിക്കാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശുപത്രിവളപ്പിന് പുറത്തുള്ള ഭക്ഷണശാലകളെയാണ് ആശ്രയിച്ചിരുന്നത്. പഴയ കാന്റീൻ കെട്ടിടത്തിൽ അസൗകര്യങ്ങളേറിയതോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടം നിർമിച്ചിട്ടും മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ പഴയ കെട്ടിടത്തിൽത്തന്നെ കാന്റീനിന്റെ പ്രവർത്തനം തുടങ്ങേണ്ട സ്ഥിതിയാണുള്ളത്. ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്കുമുകളിലൂടെ പടുതയിട്ടാണ് ചോർച്ചയടച്ചിരിരിക്കുന്നത്.
പുതുതായി നിർമിച്ച കെട്ടിടത്തിൽ അടുക്കള, പൈപ്പ്, മലിനജലം ഒഴുക്കിവിടുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കാനുള്ളത്. പുതിയ കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതുവരെ പഴയ കെട്ടിടത്തിൽ മാർച്ചുവരെ പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് നൽകിയത്.
പഴയകെട്ടിടത്തിൽ കാന്റീൻ നടത്താൻ മൂന്നാംതവണ നടന്ന ലേലത്തിലാണ് കരാറായത്. ആശുപത്രിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിനോട് സമീപമാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 60 ലക്ഷംരൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്.