ഗവൺമെന്റ് സ്കൂളുകൾക്ക് പുതിയ കെട്ടിടം: ശിലാസ്ഥാപനം നടത്തി
മുണ്ടക്കയം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽപ്പെടുത്തി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന് രണ്ടു കോടി രൂപ അനുവദിച്ച് പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനം നടത്തി. ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെംബർ ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് മെംബർമാരായ ജാൻസി സാബു, ലത സുശീലൻ, ഹെഡ്മാസ്റ്റർ രാജൻ പി.സി, പിടിഎ പ്രസിഡന്റ് സുരേഷ് പി. കെ, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ പിന്നോക്ക മേഖലയായ പനക്കച്ചിറയിലെ ഗവൺമെന്റ് ഹൈസ്കൂളിന് രണ്ടു കോടി രൂപ അനുവദിച്ച് പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, പഞ്ചായത്ത് മെംബർമാരായ ജാൻസി സാബു, ഷീബ ഷിബു, സിനു സോമൻ, ജയദേവൻ വി.കെ., ഹെഡ്മാസ്റ്റർ എം.കെ. ബഷീർ, കെ.പി. റെജി വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാഴൂർ: ചാമംപതാൽ എൻഎസ്എസ് ഗവൺമെന്റ് എൽപി സ്കൂളിൽ 1.36 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്നപുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന യോഗ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷതവഹിച്ചു. കൊഴുവനാൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ. ശ്രീദേവ് പദ്ധതി വിശദീകരിച്ചു. മുകേഷ് കെ. മണി, ടി.എൻ. ഗിരീഷ് കുമാർ, രഞ്ജിനി ബേബി, ശ്രീകാന്ത് പി. തങ്കച്ചൻ, പി.എം. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.