ഉപരിപഠനത്തിനായി വിദ്യാർഥികൾ വിദേശത്തേക്കു പോകുന്ന പ്രവണത കൂടുന്നു: ടി.കെ. ജോസ്
കാഞ്ഞിരപ്പള്ളി: എൻജിനിയറിംഗ് ബിരുദധാരികൾ തൊഴിലന്വേഷകരായി വിദേശരാജ്യങ്ങളിലേക്കു പോകുന്നതുപോലെ ഉപരിപഠനത്തിനായി വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്കു പോകുന്ന പ്രവണത കൂടിവരുന്നുവെന്നും അവരുടെ സേവനം രാജ്യത്തിന് ആവശ്യമുള്ളപക്ഷം അതിനു മുൻഗണന കൊടുക്കണമെന്നും സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ 2021 ബാച്ച് ബിടെക്, എംടെക്, എംസിഎ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽനിന്ന് 6000 പേർ ഉൾപ്പെടെ രാജ്യത്തുനിന്നും ഈ വർഷം 42,000 വിദ്യാർഥികളാണ് ഡിഗ്രിക്കുമാത്രം ഉപരിപഠനത്തിനായി പോയിട്ടുള്ളതെന്ന് ടി.കെ. ജോസ് പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമൽജ്യോതി മാനേജിംഗ് ട്രസ്റ്റിയും വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. അമൽജ്യോതി എൻജിനിയറിംഗ് കോളജ് വിജയശതമാനത്തിലും പ്ലേസ്മെന്റിലും ഗവേഷണത്തിലൂം ഒപ്പം സംരംഭകത്വത്തിലും മുൻനിരയിലാണെന്നും പ്രമുഖ ഇൻഡസ്ട്രികളുമായി സഹകരിച്ചു വിദ്യാർഥികൾക്കുവേണ്ടി അതിനൂതന സംവിധാനങ്ങൾ കോളജിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് അറിയിച്ചു.
’ജെം ഓഫ് അമൽജ്യോതി 2021’ അവാർഡും ’സണ്ണി ഡയമണ്ട്സ് ഔട്ട്സ്പാർക്കിൾ’ പുരസ്കാരവും സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ അമിതാ കെ. ബിജു കരസ്ഥമാക്കി. ജ്യൂവൽസ് ഓഫ് അമൽജ്യോതി’ പുരസ്കാരം സിവിൽ എൻജിനിയറിംഗിലെ ട്രീസാ റോസും, മെക്കാനിക്കൽ എൻജിനിയറിംഗിലെ ജിതിൻ ജോർജും നേടി. ’ക്രൗണ് ഓഫ് അമൽജ്യോതി’ അവാർഡ് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ ട്രീസാ റോസിനു ലഭിച്ചു.
റാങ്കുകൾ കരസ്ഥമാക്കിയ എ.എസ്. അമൽ, ലിയ സന്തോഷ്, ആൽഫി ജോയ്, സിനിമോൾ ജോസഫ്, സ്നേഹാമോൾ സിബിച്ചൻ എന്നിവർക്കുള്ള കാഷ് അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഡോ. ഇസഡ്.വി. ളാകപ്പറന്പിൽ, ഡീൻമാരായ ഡോ. ജേക്കബ് ഫിലിപ്പ്, റവ. ഡോ. ജയിംസ് ഇലഞ്ഞിപ്പുറം, ഡോ. ബിനോ ഐ. കോശി, ഡോ. എബിൻ മനോജ്, പ്രഫ. അനു ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.