ദേശീയ പാത വികസനം : 19ാം മൈൽ മുതൽ മുണ്ടക്കയം വരെ അനുമതിയായില്ല
കാഞ്ഞിരപ്പള്ളി: ദേശീയ പാത വികസനത്തിനായി ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള സാധ്യതാ പഠനത്തിൽ പൊൻകുന്നം 19ാം മൈൽ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തിന് അനുമതിയായില്ല.
ദേശീയപാതയുടെ കോട്ടയം മുതൽ ചെങ്കൽപ്പള്ളി വരെയുള്ള ഭാഗത്തെ സാധ്യതാ പഠനം ആരംഭിച്ചു. മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്തിന്റെ സാധ്യത പഠനം പൂർത്തിയായി അലൈൻമെന്റും നിശ്ചയിച്ചു. എന്നാൽ ഇതിനിടെ വരുന്ന 19ാം മൈൽ മുതൽ മുണ്ടക്കയം വരെയുള്ള 23.4 കിലോമീറ്റർ ദൂരം സാധ്യതാ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഡൽഹി ആസ്ഥാനമായുള്ള മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് ആണ് സാധ്യതാ പഠനത്തിന് അനുമതി നൽകേണ്ടത്. അനുമതി ലഭിക്കാത്തതിന്റെ കാരണം ഉദ്യോഗസ്ഥർക്കും വ്യക്തമല്ല. സംസ്ഥാനത്തു നിന്നു മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസിന്റെ അനുമതിക്കായി നൽകിയ സാധ്യതാ പഠനത്തിനു നിയോഗിക്കുന്ന കൺസൾട്ടൻസി നൽകുന്ന അലൈൻമെന്റുകൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി വിശദമായി ചർച്ച ചെയ്ത ശേഷം സ്ഥലമേറ്റെടുപ്പ്, ഫണ്ട് തുടങ്ങിയ കാര്യങ്ങളും പരിഗണിച്ച ശേഷം അനുയോജ്യമായതു തെരഞ്ഞെടുത്ത് നടപ്പാക്കുകയാണ് ചെയ്യുന്നത്.
ദേശീയ പാതയിലെ വളവുകൾ നിവർത്തി 30 മീറ്റർ വീതിയിൽ നിർമിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ ബൈപാസ് ഉൾപ്പെടെ നിർമിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സാധ്യതാ പഠനമാണ് നടന്നുവരുന്നത്. ദേശീയ പാത നവീകരണത്തിനു മുന്നോടിയായി പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന് 19ാം മൈൽ മുണ്ടക്കയം വരെയുള്ള ഭാഗം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും വിവരം കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയത്തെ അറിയിച്ചു പരിഹാരം ഉണ്ടാക്കാമെന്നു മന്ത്രി ഉറപ്പു നൽകിയതായും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.