എരുമേലി ക്ഷേത്രത്തിൽ എത്തിയ ഐ ജി യുടെ ചെരുപ്പ് മോഷ്ടിച്ചു : പോലീസ് ക്യാമറയിലൂടെ പ്രതിയെ കണ്ടെത്തി
,
എരുമേലി : ക്ഷേത്രത്തിൽ കയറും മുമ്പ് ചെരിപ്പുകൾ പുറത്ത് അഴിച്ചു വെച്ച പോലിസ് ഐ ജി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ ഒരു ചെരിപ്പില്ല. ശബരിമല ദർശനത്തിന് പോകുന്ന വഴിക്ക്, എരുമേലി വലിയമ്പലത്തിൽ ദർശനത്തിനു എത്തിയ ഐ ജി പി. വിജയൻ ഐ പി എസ്സിന്റെ ചെരിപ്പാണ് നഷ്ടപെട്ടത്.
ഒപ്പമുണ്ടായിരുന്ന പോലീസുകാർ പരിസരമാകെ തിരഞ്ഞെങ്കിലും നഷ്ട്ടപെട്ട ചെരിപ്പ് കണ്ടെത്തുവാനായില്ല. പരിസരത്ത് തിരഞ്ഞിട്ട് കണ്ടെത്താനാകാതെ വന്നതോടെ ഒപ്പമുണ്ടായിരുന്ന എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലിസ് ഓഫിസർ കെ എൻ അനീഷിന് അമ്പലത്തിന്റെ സമീപത്ത് വച്ചിരിക്കുന്ന ക്യാമറകളിൽ നിന്നും ദൃശ്യങ്ങൾ കണ്ടെടുക്കാൻ രണ്ട് മിനിട്ട് പോലും വേണ്ടി വന്നില്ല. ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ , പ്രതി ചെരിപ്പ് കടിച്ചെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി.
ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു നായയായിരുന്നു ഐ ജിയുടെ ചെരിപ്പ് എടുത്തുകൊണ്ടുപോയത് . ചെരിപ്പുമായി തെരുവ് നായ മറ്റ് നായകൾക്കൊപ്പം കിടന്നിരുന്ന അമ്പലത്തിന്റെ അടുത്തുള്ള മൈതാനത്ത് അപ്പോൾ തന്നെ പോലിസ് എത്തി. ലാത്തി കാണിച്ചപ്പോൾത്തന്നെ, എതിർക്കാതെ പ്രതി ചെരിപ്പ് വിട്ടുകൊടുക്കുകയായിരുന്നു.
ചെറിയ ഒരു സംഭവം ആയിരുന്നെകിലും, മിനിറ്റുകൾക്കുള്ളിൽ ഉണർന്ന് പ്രവർത്തിച്ച എരുമേലി പോലീസ് സ്റ്റേഷനിലെ ഹൈടെക് വിഭാഗത്തിനെയും സ്റ്റേഷൻ ഹൗസ് ഓഫിസറെയും അനുമോദിച്ചിട്ടാണ് ഐ ജി മടങ്ങിയത്. ഒന്നരക്കോടി രൂപ ചെലവിട്ട് ശബരിമല തീർത്ഥാടന സുരക്ഷാ പദ്ധതിയുടെ ഭാഗമായി എരുമേലിയും പരിസരങ്ങളും ക്യാമറ വലയത്തിലായിട്ട് ഏതാനും വർഷങ്ങളായി ആധുനിക നിലവാരത്തിലുള്ള 36 ക്യാമറകളാണ് എരുമേലി പട്ടണത്തിൽ സ്ഥാപിച്ചിരിക്കുന്നത് . ഇതിനോടകം പണം ഉൾപ്പെടെ നഷ്‌ടപ്പെട്ടത് കണ്ടെടുക്കാനും ഒപ്പം നിരവധി കുറ്റകൃത്യങ്ങൾ തെളിയിക്കുവാൻ എരുമേലിയിലെ ഹൈടെക് കണ്ട്രോൾ റൂമിനു സാധിച്ചിട്ടുണ്ട്.