കോവിഡ് വ്യാപനം : കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണങ്ങൾ തുടരും; പ്രതിഷേധവുമായി വ്യാപാരികൾ

കാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനത്തെ തുടർന്ന്‌ കാഞ്ഞിരപ്പള്ളി ടൗണിലെ അധിക നിയന്ത്രണങ്ങൾ തുടരുവാൻ തീരുമാനം. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയായി കാഞ്ഞിരപ്പള്ളി ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ നിയന്ത്രണം നീട്ടിയത് പ്രതിന്ധിയിലാക്കിയെന്നാണ് വ്യാപാരികളുടെ പരാതി. ആറാം വാർഡിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

കളക്ടർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്ന് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അറിയിച്ചു. നിലവിൽ പഞ്ചായത്തിലും പട്ടണത്തിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. ആരോഗ്യവകുപ്പ് മുഖേന ജില്ല കളക്ടറെ സമീപിച്ച് വ്യാപാരികൾ ഇളവ് നേടിയാൽ പഞ്ചായത്ത് വ്യാപാരികൾക്കൊപ്പം നിൽക്കും. സമൂഹമാധ്യമങ്ങളിൽ കടകൾ വെള്ളിയാഴ്ച മുതൽ തുറക്കാമെന്ന് അറിയിച്ച് പ്രചരിച്ചത് വ്യാജസന്ദേശമാണെന്നും പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് റോസമ്മ പുളിക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.എൻ.രാജേഷ്, ബി.ആർ.അൻഷാദ്, ശ്യാമള ഗംഗാധരൻ, പഞ്ചായത്തംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി ഏകോപന വ്യവസായി സമിതി, വ്യാപാരി വ്യവസായ സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!