അപകടം ഒഴിവാക്കണം…വേണം സുരക്ഷ ഈ റോഡിൽ
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാളകെട്ടിയിൽ അപകടത്തിൽപ്പെട്ട ബൈക്ക്
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാളകെട്ടിക്ക് സമീപമുള്ള അപകടവളവ്
കാഞ്ഞിരപ്പള്ളി: അപകടങ്ങൾ തുടർക്കഥയാകുന്നു, അപകടവളവുകൾ നിവർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെ വളവുകളിലാണ് അപകടം പതിയിരിക്കുന്നത്. വ്യാഴാഴ്ച കാളകെട്ടിക്ക് സമീപം വളവിൽ ബൈക്കും പിക്ക്‌അപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റിരുന്നു.
മഞ്ഞപ്പള്ളിക്കും പുന്നച്ചുവടിനും ഇടയിലും കപ്പാടിനും പുന്നച്ചുവടിനും ഇടയിലെ വളവുകളിലും ആനക്കല്ല് ഗവ.എൽ.പി.സ്‌കൂൾ ഭാഗം എന്നിവിടങ്ങളിൽ അപകടം പതിവാണ്. വളവുകൾക്ക് മുൻപിലായി സൂചന ബോർഡുകളുണ്ടെങ്കിലും വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു.
വാഹനങ്ങളുടെ അമിതവേഗവും അപകടത്തിന് കാരണമാകുന്നുണ്ട്. കപ്പാട് മുതൽ മൂന്നാംമൈൽ വരെ നേരെകിടക്കുന്ന പാതയിൽ വാഹനങ്ങളുടെ അമിതവേഗം മുൻപ് പല അപകടങ്ങൾക്കും കാരണമാക്കിയിരുന്നു.
വേഗനിയന്ത്രണ സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
റോഡരികിൽ സ്കൂൾ അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് കൂടി വാഹനങ്ങൾ അപകടമുണ്ടാക്കുന്ന രീതിയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതും പതിവാണ്.
കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായി പാത ബി.എം., ബി.സി.നിലവാരത്തിൽ വീതികൂട്ടി നിർമിച്ചിരുന്നു.
എന്നാൽ, പലയിടങ്ങളിലും വളവുകൾ നിവർത്താത്തത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.