ആകാശക്കുടയ്ക്കായി പ്ലാവിൻ തൈകൾ നട്ട് സെന്റ് മേരീസ് സ്കൂൾ
കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര ഓസോൺ ദിനത്തിൽ ആകാശക്കുടയ്ക്കായി പ്ലാവിൻ തൈകൾ നട്ട് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അന്താരാഷ്ട്ര ഓസോൺ ദിനത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യമായ “ഓസോൺ ജീവിതത്തിന്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാറിലൂടെ “അമ്മച്ചിപ്ലാവ് ” പദ്ധതിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
ഓരോ കുട്ടിയും അമ്മയെ ആദരിച്ചു കൊണ്ട് ജന്മദിന സമ്മാനമായി നൽകുന്ന പ്ലാവിൻ തൈകൾ നട്ടു പരിപാലിക്കുന്ന അമ്മച്ചിപ്ലാവ് പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ആയിരത്തിൽപ്പരം പ്ലാവുകൾ നട്ടുകൊണ്ട് തങ്ങളുടെ ഗ്രാമത്തെ പ്ലാവ് ഗ്രാമമാക്കി മാറ്റാനുള്ള പരിശ്രമമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പരിസ്ഥിതി വിദഗ്ധ ഗോപിക വൃന്ദ് രാജീവ് വെബിനാർ നയിച്ചു. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന വിഷയത്തെ ആസ്പദമാക്കി നിരവധി ഡിജിറ്റൽ പോസ്റ്ററുകൾ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികൾ പങ്കുവച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സ് മരിയ, പ്രോഗ്രാം കോഓർഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ എന്നിവർ പ്രസംഗിച്ചു. സ്വപ്ന ജോർജ്, സിസ്റ്റർ സെലിൻ, റോഷ്നി ജോസഫ്, മൻസി മോൾ ജോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.