സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പ് : കോൺഗ്രസ് ഭരണസമിതിയിലെ ഭിന്നത; പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്കി
കാഞ്ഞിരപ്പള്ളി: പ്രസിഡന്റ് സ്ഥാനത്തച്ചൊല്ലി അഭിപ്രായഭിന്നത നിലനില്‍ക്കുന്ന സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്കി. സുനില്‍ തേനംമാക്കലും പി.എ. ഷെമീറും പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതാണു പ്രതിസന്ധിക്കിടയാക്കിയത്. സുനിലിനൊപ്പം കോണ്‍ഗ്രസ് അംഗങ്ങളായ ടി.എസ്. രാജന്, നിബു ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിനു പരാതി നല്കി. പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം നല്കാന് എല്‍ഡിഎഫിനു കൂട്ടു നിന്ന അംഗത്തെ പുറത്താക്കണമെന്നും പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടി പ്രസിഡന്റിനെ തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ പരാതി നല്‍കിയത്. പരാതി കെപിസിസി പ്രസിഡന്റിനും നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.
ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റ് നല്കിയ നിര്‍ദേശം മാനിക്കാത്ത അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.എ. ഷെമീര്‍, സക്കീര്‍ കട്ടൂപ്പാറ, നെസീമ ഹാരിസ് എന്നിവര്‍ ചേര്‍ന്ന് ഡിസിസി നേതൃത്വത്തിനു പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് നല്കിയ വിപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്ന ടി.എസ്.രാജന്, സുനില്‍ തേനമ്മാക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിബു ഷൗക്കത്ത് എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനു പരാതി നല്‍കിയത്. തങ്ങള്‍ മൂന്നു പേരും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹാജരാകാന്‍ എത്തിയിരുന്നെങ്കിലും എല്‍ഡിഎഫിലെ നാല് അംഗങ്ങള്‍ ഹാജരായ സാഹചര്യത്തില്‍ ഭരണം നഷ്ടപ്പെടുമെന്നതിനാല്‍ വിട്ടുനില്‍ക്കുകയാണ് ചെയ്തത്.
പ്രസിഡന്റായിരുന്ന ടി.എസ്. രാജന് രാജിവച്ചതിനെ തുടര്‍ന്നാണ് അടുത്ത പ്രസിഡന്റ് സ്ഥാനത്തച്ചൊല്ലി അവകാശ വാദങ്ങളും അഭിപ്രായഭിന്നതയും ഉണ്ടായത്. പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ 11 അംഗ ഭരണ സമിതിയിലെ ആറ് കോണ്‍ഗ്രസ് അംഗങ്ങളും ഒരു മുസ്ലിം ലീഗ് അംഗവും പങ്കെടുക്കാതിരുന്നതോടെ ക്വാറം തികയാതെ യോഗം പിരിച്ചു വിടുകയായിരുന്നു.