ഓൺലൈൻ വായ്പത്തട്ടിപ്പ്: യുവാവിന് 52,549 രൂപ നഷ്ടമായി
മുണ്ടക്കയം∙ഓൺലൈൻ വായ്പത്തട്ടിപ്പിൽ മുറികല്ലുംപുറം സ്വദേശിയായ യുവാവിന് 52,549 രൂപ നഷ്ടമായി. 2 ലക്ഷം രൂപ വായ്പ അനുവദിച്ചു എന്നറിയിച്ച് പല തവണയായി പണം തട്ടുകയായിരുന്നു. കഴിഞ്ഞ 13ന് ഫെയ്സ്ബുക്കിൽ മാർക്കറ്റ് പ്ലേസിൽ കണ്ട സന്ദേശത്തെത്തുടർന്നാണ് യുവാവ് തട്ടിപ്പിന് ഇരയായത്. ലിങ്കിൽ കയറിയതോടെ 2 ലക്ഷം രൂപ വായ്പ നേടുന്നതിനായി ഓൺലൈൻ അപേക്ഷ യുവാവ് പൂരിപ്പിച്ചു നൽകി.
ആധാർ കാർഡ്, ഫോട്ടോ, പാൻകാർഡ് എന്നിവയാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്. തുടർന്ന് യുവാവിനെ വായ്പ നൽകുന്ന ഓഫിസിൽ നിന്നാണെന്നു പറഞ്ഞ് ഒരാൾ ഫോണിൽ ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. 2 ലക്ഷം രൂപയ്ക്ക് 4 വർഷത്തേക്ക് 4 ശതമാനം പലിശ എന്നു കേട്ടതോടെ യുവാവ് വിശ്വസിച്ചു.
വായ്പ അനുവദിച്ചു എന്ന തരത്തിൽ ഒരു കമ്പനിയുടെ പേരിൽ നിർദേശങ്ങൾ അടങ്ങുന്ന കത്തും യുവാവിന് അയച്ചു നൽകി. തുടർന്ന് വായ്പത്തുകയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി 7,950 രൂപ ആവശ്യപ്പെട്ടു. യുപിഐ ആപ് വഴി യുവാവ് പണം നൽകി. പിന്നീട് രണ്ടു ദിവസങ്ങളിലായി പ്രോസസിങ് ഫീസ്, ജിഎസ്ടി, നികുതി എന്നീ പേരുകളിൽ പല തവണയായി പണം ആവശ്യപ്പെട്ടു. ഇതുവരെ ആകെ 52,549 രൂപ യുവാവ് അയച്ചു കൊടുത്തിട്ടുണ്ട്.
സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയാണ് പണം നൽകിയത്. എന്നാൽ വീണ്ടും 22,000 രൂപ ആവശ്യപ്പെട്ടതോടെ സംശയം തോന്നി. ഇന്റർനെറ്റിൽ പരിശോധിച്ചപ്പോൾ ഇവർ തട്ടിപ്പുകാരാണെന്നു തിരിച്ചറിയുകയായിരുന്നു. പണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനായി 16,000 രൂപ നൽകണമെന്നാണ് മറുപടി ലഭിച്ചത്. ബംഗാൾ ആണ് തട്ടിപ്പുസംഘത്തിന്റെ സ്ഥലമെന്നു സൂചനയുണ്ട്. യുവാവ് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.