ഏതു വഴി പോയാലും എറികാട് കുളം

കാഞ്ഞിരപ്പള്ളി∙ പുളിമാവ്- എറികാട് റോഡിലും, ആനക്കല്ല്- എറികാട് റോഡിലും നിറയെ കുഴികളും വെള്ളക്കെട്ടും. ഇതുവഴിയുള്ള യാത്ര ദുരിതമായി. പുളിമാവ് -എറികാട് റോഡിൽ എറികാട് വായനശാലയ്ക്കു സമീപം റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടു. കൂടാതെ പാതയോരത്ത് വെള്ളക്കെട്ടുമുണ്ട് . റോഡരികിലെ ഓട മണ്ണും കല്ലും നിറഞ്ഞ് കാടുപിടിച്ച നിലയിലാണ്. 

ആനക്കല്ല് –എറികാട് റോഡിൽ ആനക്കല്ലിനു സമീപം റോഡ് തകർന്നുണ്ടായ കുഴികളിലെ വെള്ളക്കെട്ട്
ആനക്കല്ല് –എറികാട് റോഡിൽ ആനക്കല്ലിനു സമീപം റോഡ് തകർന്നുണ്ടായ കുഴികളിലെ വെള്ളക്കെട്ട് 

കാഞ്ഞിരപ്പള്ളി -തമ്പലക്കാട് റോഡിൽ പുളിമാവിൽ നിന്നും എറികാട് വഴി ഈരാറ്റുപേട്ട റോഡിലെ കപ്പാടും, പൊൻകുന്നം -പാലാ റോഡിലെ കുരുവിക്കൂടും എത്താൻ കഴിയുന്ന റോഡാണ്.ആനക്കല്ല്- എറികാട് റോഡിലും കുഴികളും വെള്ളക്കെട്ടും യാത്ര ദുസ്സഹമാക്കുകയാണ്. കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിലെ ആനക്കല്ലിൽ നിന്നും എറികാട് റോഡിലേക്കു പ്രവേശിക്കുന്ന പാലത്തിനു സമീപം ടാറിങ് തകർന്നു വൻ കുഴിയാണ് രൂപപ്പെട്ടത്. 

കുഴിയിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതു ഇരുചക്ര വാഹന യാത്രികർക്കും, കാൽനട യാത്രികർക്കും ദുരിതമായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്കു കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവേശിക്കാതെ പൊൻകുന്നം ഭാഗത്തേക്കു കടന്നു പോകാൻ കഴിയുന്ന ലിങ്ക് റോഡാണിത്. 

error: Content is protected !!