എരുമേലി ശബരി എയർപോർട്ട് തടസ്സങ്ങൾ നീക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലി : നിർദ്ദിഷ്ട ശബരി എയർപോർട്ട് യാഥാർത്ഥ്യമാക്കുന്നതിന് തടസ്സങ്ങൾ നീക്കി തുടർ നടപടികൾ സ്വീകരിക്കണമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ തടസവാദങ്ങൾ മറികടക്കുന്നതിനുള്ള മാർഗങ്ങൾ അടിയന്തരമായി ആരായണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉൾപ്പെടെ വിമാനത്താവളം യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യം ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയക്കുമെന്നും എംഎൽഎ അറിയിച്ചു.
കെ എസ് ഐ ഡി സി യും, അമേരിക്കൻ കൺസൾട്ടൻസി കമ്പനിയായ ലൂയി ബഗ്റും വളരെ വിശദമായി സമഗ്ര പഠനം നടത്തി വിമാനത്താവള നിർ മ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ വിരുദ്ധ നിലപാട് സ്വീകരിച്ചത് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്ന അജണ്ടയുടെ ഭാഗമായി ആരെങ്കിലും സഹായിക്കാനാണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിമാനത്താവളം യാഥാർത്ഥ്യമാകാൻ നാട് ഒന്നാകെ ആഗ്രഹിക്കുമ്പോൾ അതിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ സാധ്യമായ എല്ലാ പരിശ്രമവും നടത്തുമെന്നും എംഎൽഎ അറിയിച്ചു.