ചെറുവള്ളി എസ്റ്റേറ്റ് സുരക്ഷിതമല്ലന്ന് റിപ്പോർട്ട് ; എരുമേലിയിലെ വിമാനത്താവളസ്വപ്നങ്ങൾക്ക് തിരിച്ചടി..
എരുമേലി : കാഞ്ഞിരപ്പള്ളി, എരുമേലി പ്രദേശങ്ങളുടെ വികസനത്തിന് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കുവാൻ ഉദ്ദേശിച്ചിരുന്ന വിമാനത്താവള പ്രോജെക്ടിന് മങ്ങലേൽക്കുന്നു. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സുരക്ഷിതമല്ലെന്ന് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ( ഡിജിസിഎ) വ്യോമയാന മന്ത്രാലയത്തിന് മറുപടി നൽകി.
എരുമേലിയിൽ എയർപോർട്ടിനായി കണ്ടെത്തിയ സ്ഥലം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 110 കിലോമീറ്റര്‍ മാത്രവും അകലത്തിലാണ്. 150 കിലോമീറ്റർ പരിധിയ്ക്കുള്ളിൽ, പുതിയ വിമാനത്താവളത്തിന് സാധാരണ ഗതിയിൽ അനുമതി നൽകാറില്ല.
ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന് അനുമതി നൽകിയാൽ തന്നെ, നിലവിൽ കണ്ടെത്തിയ സ്ഥലത്ത് റണ്‍വേ തയാറാക്കാന്‍ വേണ്ടത്ര നീളവും വീതിയും ഉറപ്പാക്കുവാൻ ബുദ്ധിമുട്ടാകുമെന്നും, മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേതിനു സമാനമായ അപകട സാധ്യതകള്‍ ഉള്ള ടേബിൾ ടോപ് റണ്‍വേ ആയിരിക്കും അവിടെ നിർമ്മിക്കേണ്ടി വരികയെന്നും റിപ്പോർട്ടിൽ പറയുന്നു.
കാറ്റിന്റെ ഗതി പരിശോധിക്കുമ്പോഴും വിമാനത്താളത്തിന് പ്രദേശം ഒട്ടും അനുയോജ്യമല്ല . പരിസര പ്രദേശത്തുള്ള രണ്ടു ഗ്രാമങ്ങളെ വിമാനത്താവളത്തിന്റെ റ നിര്‍മാണം പ്രതികൂലമായി ബാധിക്കുമെന്നും ഡിജിസിഎ കേന്ദ്രത്തെ അറിയിച്ചു. വിമാനത്താവളം സംബന്ധിച്ച് കേരളം മുന്നോട്ടു വെച്ച എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് തങ്ങളുടെ തീരുമാനം പ്രത്യേകം അറിയിക്കുന്നതെന്ന് ഡി.ജി.സി.എ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല വിമാനത്താവളം സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കാൻ അമേരിക്കൻ കമ്പനിയായി ലൂയി ബർഗർ കണ്സൾട്ടൻസിയേയാണ് കേരള സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, ലൂയി ബർഗർ തയാറാക്കി നൽകിയ റിപ്പോർട്ടിൽ പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നടപടികളിൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് അവർ പ്രത്യേകം പറയുന്നുണ്ട്. അത്തരത്തിലൊരു റിപ്പോർട്ട് എങ്ങനെ വിശ്വാസത്തിലെടുക്കാൻ കഴിയും എന്നാണ് ഡിജിസിഎ ഇപ്പോൾ വ്യോമനയാന മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ചോദിക്കുന്നത്.
.
x