കടയുടമയെ രാത്രിയിൽ സംഘം ചേർന്ന് റോഡിൽ തടഞ്ഞ് 25,000 രൂപ കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
പൊൻകുന്നം : കല്ലറയ്ക്കൽ സ്റ്റോഴ്‌സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫിന്റെ വാഹനം തടഞ്ഞ് പണം കവർന്ന സംഭവത്തിൽ നാലുയുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ 17-ന് രാത്രി കടയടച്ചുമടങ്ങിയപ്പോൾ തച്ചപ്പുഴ റോഡിൽ വെച്ച് പണം തട്ടിയെടുത്ത
ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത് (25), തമ്പലക്കാട് തൊണ്ടുവേലി കൊന്നയ്ക്കാപറമ്പിൽ ഹരികൃഷ്ണൻ (24), തമ്പലക്കാട് വേമ്പനാട്ട് രാജേഷ് (23) തമ്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
25,000 രൂപയാണ് വാഹനത്തിൽ നിന്ന് ഇവർ തട്ടിയെടുത്തത്. ഹോൾസെയിൽ വ്യാപാരിയായതിനാൽ കൂടുതൽ പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാൽവർസംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബിഗ്‌ഷോപ്പറുമായി പതിവായി വാനിൽ കയറി മടങ്ങുന്ന കടയുടമയെ പലദിവസം നിരീക്ഷിച്ചാണിവർ പദ്ധതി തയ്യാറാക്കിയത്.
അഭിജിത്തിനെ ചേനപ്പാടിയിലെ വീട്ടിൽ നിന്നും മറ്റുള്ളവരെ എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കത്തികളും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു. കുറച്ചുപണം ഇവർ ചെലവഴിച്ചു. ഇവർ വീതം വെച്ച ബാക്കി പണവും കണ്ടെത്തി.
പൊൻകുന്നം ടൗണിൽ കല്ലറയ്ക്കൽ സ്റ്റോഴ്‌സിന്റെ സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളിലൊരാളായ ഹരികൃഷ്ണന്റെ അച്ഛന്റെ പേരിലുള്ള ബൈക്ക് ദൃശ്യങ്ങളിൽ കണ്ടത് തുമ്പായി. പിന്നീട് ഹരികൃഷ്ണന്റെ ഫോൺവിളികൾ നിരീക്ഷണത്തിലായി.
സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായ അഭിജിത്താണ് കവർച്ചയുടെ ആസൂത്രകനെന്ന് പോലീസ് പറഞ്ഞു. ഇയാൾ അടുത്തിടെ ഇതിന് സമീപമുള്ള ജൂവലറിയിൽ മുക്കുപണ്ടം പണയം വെച്ച് നടത്തിയ തട്ടിപ്പിൽ സംശയിക്കപ്പെട്ടിരുന്നു. അഭിജിത്തിന്റെ സുഹൃത്ത് ഈ കേസിൽ പിടിയിലാവുകയും ചെയ്തു. അതിനാൽ പുതിയ കേസിൽ അഭിജിത്തിന്റെ ഫോൺവിളികളും നിരീക്ഷണത്തിലായിരുന്നു. മറ്റൊരു പ്രതി രാജേഷ് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
രണ്ടുബൈക്കുകളിലായാണ് ഇവർ സംഭവ ദിവസം വ്യാപാരിയെ പിന്തുടർന്നത്. വാൻ തടഞ്ഞുനിർത്തി ഇവരിലൊരാൾ ഉടുത്തിരുന്ന കൈലിയഴിച്ച് ജോസഫിന്റെ തലയിലിട്ടുമൂടിയതിന് ശേഷമാണ് ബാഗ് കൈക്കലാക്കിയത്.
കല്ലറയ്ക്കൽ സ്റ്റോഴ്‌സിന് സമീപത്തെ സ്വർണവ്യാപാരിയെയാണ് പ്രതികൾ പണത്തിനായി ആദ്യം ലക്ഷ്യമിട്ടിരുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ പറഞ്ഞു. അടുത്തിടെ ഈ ജൂവലറിയിൽ മുക്കുപണ്ടം പണയം വെച്ച സംഭവത്തിൽ അഭിജിത്ത് സംശയിക്കപ്പെട്ടിരുന്നു. പ്രതികൾ മിക്കദിവസവും ഇതിന് സമീപം സംഘം ചേരാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പൊൻകുന്നം എസ്.എച്ച.്ഒ. സജിൻ ലൂയിസ്, എസ്.ഐ.മാരായ ടി.ജി.രാജേഷ്, ജയകുമാർ, സി.പി.ഒ.മാരായ റിച്ചാർഡ് സേവ്യർ, സി.എ.ലേഖ, കെ.ബിബിൻ, അനീഷ്‌കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.