കാഞ്ഞിരപ്പള്ളി ആറാംവാർഡിൽ നിയന്ത്രണങ്ങളിൽ ഇളവ്
കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിനെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി. ആറാംവാർഡിലും വാർഡിൽ ഉൾപ്പെടുന്ന പട്ടണപ്രദേശത്തെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കുരിശുങ്കൽമുതൽ പേട്ടക്കവല പാലംവരെയും ഈരാറ്റുപേട്ട റോഡിൽ ചിറ്റാർ പുഴയോടുചേർന്നുള്ള ഭാഗവുമാണ് ആറാം വാർഡിന്റെ പരിധിയിൽപ്പെടുന്നത്.
രണ്ടാഴ്ചയായി പട്ടണത്തിലുൾപ്പെടെ കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നില്ല. പട്ടണത്തിൽ നിലവിൽ ആറാംവാർഡിൽ മാത്രമാണ് ഇളവുകൾ നൽകിയിട്ടുള്ളതെന്നും മറ്റ് സ്ഥലങ്ങളിൽ നിയന്ത്രണം നിലനിൽക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് ലഭിച്ചശേഷമാകും ഇളവുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് അധികൃതർ പറഞ്ഞു. പുതിയ പട്ടികപ്രകാരം പഞ്ചായത്തിൽ രണ്ട്, അഞ്ച്, 12, 19 വാർഡുകളാണ് അധികനിയന്ത്രണത്തിലുള്ളത്.