ശബരിമല വിമാനത്താവളം: സമീപ വിമാനത്താവളങ്ങളുമായി നിശ്ചിത അകലമില്ല, സിഗ്‌നലുകള്‍ കൂടിക്കലരാം; എതിര്‍പ്പുമായി എയര്‍പോര്‍ട്ട് അതോറിറ്റി
ന്യൂഡല്‍ഹി : ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു (ഡി.ജി.സി.എ) പിന്നാലെ എയര്‍പോര്‍ട്ട് അതോറിറ്റിയും തടസവാദം ഉന്നയിച്ചു രംഗത്ത്. ഏതൊരു വിമാനത്താവളത്തിനും അനുമതി നല്‍കുന്നതിന് മുന്നോടിയായുള്ള സംശയദൂരീകരണം മാത്രമാണു കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണു സര്‍ക്കാര്‍ വാദം.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചുക്കാന്‍പിടിക്കുന്ന സ്വപ്‌നപദ്ധതിയായ ശബരി വിമാനത്താവളത്തിന് രണ്ടു കേന്ദ്ര ഏജന്‍സികള്‍ തടസം ഉന്നയിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വിമാനത്താവളത്തിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട് പോലും വിശ്വാസ്യയോഗ്യമല്ലെന്നാണു ഡി.ജി.സി.എ. വിലയിരുത്തിയത്.
കഴിഞ്ഞ ജൂണിലാണു സംസ്‌ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. വ്യോമസേന നടത്തിയ പരിശോധനയില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതു മാത്രമാണ് അനുകൂല ഘടകം. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായി നിശ്‌ചിത അകലമില്ലാത്തതിനാല്‍ എയര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ പരസ്‌പരം കൂടിക്കലരാനുള്ള സാധ്യതയുണ്ടെന്നാണ് ഡി.ജി.സി.എയുടെ കണ്ടെത്തല്‍. ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റേണ്ടവരുമെന്നും വന്യജീവി സുരക്ഷയെ ബാധിക്കുമെന്നും കണ്ടെത്തലുണ്ട്.
നിര്‍മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ ഹിയറിങ്ങിന് ശേഷം പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധന നടത്തേണ്ടതുണ്ട്. വ്യോമസേനയുടെ സാക്ഷ്യപത്രം പ്രാഥമികം മാത്രമാണ്. വിശ്വാസ്യയോഗ്യമല്ലാത്ത സാധ്യതാ പഠന റിപ്പോര്‍ട്ടാണെന്ന് ഡി.ജി.സി.എ. വിലയിരുത്തിയ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുക എളുപ്പമല്ല.
സ്വപ്‌നപദ്ധതിയുടെ ചിറക് ദുര്‍ബലമായതോടെ മുഖ്യമന്ത്രി നേരിട്ട് ഡല്‍ഹിയിലെത്തി കേന്ദ്രവുമായി ചര്‍ച്ച നടത്തിയേക്കും. ഭൂമി സംബന്ധമായ നിയമ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ബിലീവേഴ്‌സ് ചര്‍ച്ചുമായി ചര്‍ച്ച നടത്തി സ്‌ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണു കേന്ദ്രത്തിന്റെ ചുവപ്പുകൊടി. എന്നാല്‍ ശബരിമല വിമാനത്താവളത്തിന് പ്രതിസന്ധിയില്ലെന്ന് സ്‌പെഷല്‍ ഓഫീസര്‍ വി.തുളസീദാസ് പറഞ്ഞു.