അട്ടത്തോട്‌, മൂലക്കയം ഗ്രാമങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ശ്രീ ശബരീശ കോളജ്‌

കാഞ്ഞിരപ്പള്ളി: മൂലക്കയം, അട്ടത്തോട്‌ ഗ്രാമങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ പഠനത്തിനായി സൗജന്യ സംവിധാനമൊരുക്കി ശ്രീ ശബരീശ കോളജ്‌. രണ്ടു ഗ്രാമങ്ങളിലും ആധുനിക വീഡിയോ കോണ്‍ഫറന്‍സ്‌ സംവിധാനങ്ങളോടെ കമ്പ്യൂട്ടര്‍, പ്രിന്റര്‍, ടി. വി, ടാബ്‌ലറ്റ്‌ എന്നിവ ഇ. ഡി. സി ഹാളുകളില്‍ ഒരുക്കി. ഇവ പൊതു പഠന കേന്ദ്രങ്ങളാണെന്നതിനാല്‍ ഗ്രാമത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപയോഗിക്കാമെന്ന്‌ കോളജ്‌ സോഷ്യല്‍ വര്‍ക്ക്‌ വിഭാഗം മേധാവി പ്ര?ഫ. വീ. ജി. ഹരീഷ്‌ കുമാര്‍ പറഞ്ഞു.
ശ്രീ ശബരീശ കോളജിലെ എം. എസ്‌. ഡബ്ല്യൂ വിദ്യാര്‍ഥികളായ നിതിന്‍ മാത്യു, ഷെറിന്‍ കെ. സി, മാന്നാനം കെ. ഇ. കോളജിലെ എം. എസ്‌. ഡബ്ല്യു വിദ്യാര്‍ഥിയായ ആന്‍ മേരി പി. ജെ. എന്നിവര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഫീല്‍ഡ്‌ വര്‍ക്ക്‌ ചെയുന്നുണ്ട്‌. ഗ്രാമങ്ങളില്‍ വിവരസാങ്കേതിക വിദ്യയുടെ വിടവുകള്‍ ഇല്ലാതാക്കുക എന്നതാണ്‌ പ്രവര്‍ത്തന ലക്ഷ്യമെന്ന്‌ ഇവര്‍ പറഞ്ഞു. സിറ്റിസണ്‍സ്‌ ഇന്ത്യ ഫൗണ്ടേഷന്റെയും, പെരിയാര്‍ ടൈഗര്‍ റിസര്‍വ്‌ വെസ്‌റ്റ്‌ ഡിവിഷന്റെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഓണ്‍ലൈന്‍ പഠനത്തോടൊപ്പം പാട്ടും, കഥകളും, കളികളും, വ്യക്‌തിത്വ വികസന പരിശീലനങ്ങളും, സിവില്‍ സര്‍വീസ്‌ പരീക്ഷകള്‍ക്കുള്ള പ്രചോദനവുമുണ്ട്‌. 
ഓരോ കേന്ദ്രത്തിലും നൂറു വീതം കുട്ടികള്‍ക്ക്‌ അംഗത്വം നല്‍കി. അംഗത്വം എല്ലാവര്‍ക്കും സൗജന്യമാണ്‌. കമ്യൂണിറ്റി എഡ്യൂക്കേഷന്‍ സെന്റര്‍ എന്ന പേരിലറിയപ്പെടുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം ഗ്രാമീണ വിദ്യാഭ്യാസത്തിലെ നാഴികകല്ലാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്‌ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ഗ്രാമീണരും.

error: Content is protected !!