മലയോരം ബമ്പര്‍ ഹിറ്റ്, കട്ട് പറയാതെ സംവിധായകര്‍
ഒറ്റപ്പാലവും, പൊള്ളാച്ചിയുമൊക്കെ ഔട്ട്, സംവിധായകരുടെ ഇഷ്‌ടലൊക്കേഷനുകളായി കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര ഗ്രാമങ്ങള്‍ മാറുന്നു.
ഇപ്പോള്‍ മലയോര മേഖലകളിലെ പല നാട്ടിന്‍ പുറങ്ങളും ഉണരുന്നതു തന്നെ ആക്ഷനും, റോളിങും, കട്ടും കേട്ടുകൊണ്ട്, നാട്ടുകാരായ പലര്‍ക്കും കാമറയ്‌ക്കു മുന്നില്‍ ഒന്നു മുഖം കാണിക്കാനും അവസരം ലഭിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി, കുട്ടിക്കാനം, വാഗമണ്‍ പ്രദേശങ്ങളാണ് ഇപ്പോള്‍ തിരക്കുള്ള ലൊക്കേഷനുകളായി മാറുന്നത്.
ഫഹദ്‌ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് മുണ്ടക്കയം, ഈരാറ്റുപേട്ട മേഖലകളില്‍ ചിത്രീകരണം പൂര്‍ത്തിയായതു കഴിഞ്ഞ ദിവസമാണ്. ജയസൂര്യ നായകനായ ജോണ്‍ ലൂതറിന്റെ ചിത്രീകരണം വാഗമണ്ണില്‍ നടന്നു വരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളായ ആസിഫ് അലി നായകനായി എല്ലാ ശരിയാകും, ഉണ്ണിമുകുന്ദന്റെ മേപ്പടിയാന്‍, സുരേഷ് ഗോപി നായകനായ പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനുകള്‍ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളാണ്.
കോവിഡും ലോക്ക്‌ഡൗണും പശ്‌ചാത്തലമാക്കി ബിജു മേനോന്‍ നായകനായി അഭിനയിച്ച ആര്‍ക്കറിയാമില്‍ കാഞ്ഞിരപ്പള്ളി ലൊക്കേഷനായപ്പോള്‍. ഫഗദ്‌ഫാസിലിന്റെ ജോജി എന്ന സിനിമയ്‌ക്ക് ദിലീഷ് പോത്തന്‍ പൂര്‍ണമായി എരുമേലിയിലെ വീടും തോട്ടങ്ങളുമാണ് സെറ്റാക്കി മാറ്റിയത്. ശബരിമല പശ്‌ചാത്തലമാക്കി 41 എന്ന സിനിമയ്‌ക്ക് ലാല്‍ജോസും തെരഞ്ഞെടുത്ത പ്രധാന ലൊക്കേഷനുകളിലൊന്നു എരുമേലിയായിരുന്നു.
വെള്ളം, കെട്ടിയോളാണെന്റെ മാലാഖ, താക്കോല്‍, ദി പ്രീസ്‌റ്റ്, ജെല്ലിക്കെട്ട്, ലളിതം സുന്ദരം, പ്രൈസ് ദി ലോഡ് എന്നിവയുടെ ചിത്രീകരണവും മലയോര മേഖലയില്‍ തന്നെ. മലയാള സിനിമകള്‍ മാത്രമല്ല നിരവധി തമിഴ്, തെലുങ്ക് സിനിമകളുടെ ഗാനചിത്രീകരണത്തിന് കുട്ടിക്കാനം തെരഞ്ഞെടുത്തിട്ടുണ്ട്. തമിഴ് സിനിമയായ രതീഷ് കരുണാകരന്‍ സംവിധാനം ചെയുന്ന സൂന്യം എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം, പരുന്തുംപാറ എന്നിവിടങ്ങളില്‍ നടന്നു വരികയാണ്.
കോവിഡ് പ്രതിസന്ധിയില്‍ ചിത്രങ്ങള്‍ ലോ ബജറ്റിലേക്കു മാറിയതും മലയോര മേഖലയുടെ പ്രകൃതി രമണീയതയും മലയോരത്തിന്റെ ആകര്‍ഷണീയതായി. പൊള്ളാച്ചിയിലും ചെന്നൈയിലുമൊക്കെ പോയി സെറ്റിടുന്നതിന്റെ പകുതി ചെലവില്‍ മലയോരത്തു ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു നിര്‍മാതാക്കള്‍ പറയുന്നത്.
മാത്രമല്ല, കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സെറ്റുകളിലേക്കു ജനങ്ങളുടെ ഇടിച്ചുകയറ്റവും ഉണ്ടാകില്ല.മുമ്പ് എം.ജി.ആര്‍. മുതല്‍ പ്രേം നസീര്‍ വരെയുള്ള നായകന്‍മാര്‍ നിറഞ്ഞഭിനയിച്ചിരുന്ന ലൊക്കേഷനുകളാണ് പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്കു ശേഷം വീണ്ടും സജീവമാകുന്നത്.
ജയന്‍, രവികുമാര്‍, ഷീല, സീമ തുടങ്ങിയവര്‍ അഭിനയിച്ച തീനാളങ്ങള്‍, സോമന്‍ നായകനായും മോഹന്‍ലാല്‍ വില്ലന്‍ കഥാപാത്രത്തെയും അവതരിപ്പിച്ച താവളം, സായൂജ്യം, മനുഷ്യമൃഗം, പാളയം തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചത് മുണ്ടക്കയം, കൂട്ടിക്കല്‍, ചിറ്റടി, പീരുമേട് പ്രദേശങ്ങളിലാണ്. കളിത്തോഴന്‍ എന്ന സിനിമയില്‍ പ്രേംനസീറും ഷീലയും അഭിനയിച്ച ‘മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി’ എന്നു തുടങ്ങുന്ന ഗാനം പൂര്‍ണമായും ചിത്രീകരിച്ചത് കൂട്ടിക്കലിലായിരുന്നുവെന്നു അഭിനേതാവായിരുന്ന കലാനിലയം സുകുമാരന്‍ ഓര്‍മിക്കുന്നു. പൊട്ടംകുളം ബംഗ്ലാവും മുണ്ടക്കയത്തുള്ള ലോഡ്‌ജും സിനിമാക്കാരുടെ താവളമായിരുന്നു. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ്, സെന്റ് ഡൊമിനിക്‌സ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്‌റ്റ് ഹോസ്‌പിറ്റല്‍, മേരിക്യൂന്‍സ് ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളിലും ചിത്രീകരണത്തിന് തെരഞ്ഞെടുത്തു. സിനിമാക്കാര്‍ എത്തിയതോടെ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് സിനിമ പ്രേമികളുടെ കൂട്ടായ്‌മയായി സിനിമ കമ്പനിയും രൂപീകരിച്ചു. ഇതോടെ നിരവധി പേര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.